NEWS UPDATE

6/recent/ticker-posts

പെരിന്തൽമണ്ണയിലെ പോസ്റ്റൽ ബാലറ്റുകളിൽ ഒരു കെട്ട് കാണാതായി; ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി റിട്ടേണിങ് ഓഫീസര്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പോസ്റ്റല്‍ ബാലറ്റില്‍ ഒരു കെട്ട് കാണാതായെന്ന് റിപ്പോര്‍ട്ട്. അഞ്ചാം ടേബിളിലെ ഒരു കെട്ട് ബാലറ്റാണ് കാണാതായത്. കാണാതായ പെട്ടി കണ്ടെത്തിയത് തുറന്ന നിലയിലായിരുന്നുവെന്നും റിട്ടേണിങ് ഓഫീസര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.[www.malabarflash.com]

ബാലറ്റ് പൊതിഞ്ഞിരുന്ന സാമഗ്രികള്‍ കണ്ടെത്തിയത് വലിച്ചെറിഞ്ഞ നിലയിലായിരുന്നു.അതേസമയം ബാലറ്റുകളുടെ എണ്ണം രേഖപ്പെടുത്തിയ റിപ്പോര്‍ട്ടുകള്‍ നഷ്ടപ്പെട്ടിട്ടില്ല. പോസ്റ്റല്‍ ബാലറ്റ് എണ്ണിയതിന് രേഖകളുണ്ട്. വോട്ടെണ്ണല്‍ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഒപ്പിട്ടതിനും രേഖകളുണ്ടെന്നും റിട്ടേണിങ് ഓഫീസര്‍ പറഞ്ഞു. 

പോസ്റ്റല്‍ ബാലറ്റ് കാണാതായതില്‍ വിശദമായ അന്വേഷണം വേണമെന്നും ഹൈക്കോടതിയില്‍ റിട്ടേണിങ് ഓഫിസര്‍ ആവശ്യപ്പെട്ടു.

പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ തര്‍ക്കത്തിലായിരുന്ന വോട്ടുപെട്ടികളില്‍ ഒന്നാണ് കാണാതാകുകയും പിന്നീട് മറ്റൊരിടത്ത് കണ്ടെത്തുകയും ചെയ്തത്. ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന ഉത്തരവിനെ തുടര്‍ന്ന് പെട്ടി കൊണ്ടുപോകാന്‍ ട്രഷറിയിലെത്തി സ്‌ട്രോങ് റൂം തുറന്നപ്പോഴാണ് പെട്ടി കാണാനില്ലെന്ന് വ്യക്തമായത്. പിന്നീട് മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നാണ് പെട്ടി കണ്ടെത്തിയത്.

സാങ്കേതികപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി എണ്ണാതെ മാറ്റിവെച്ച 348 തപാല്‍ വോട്ടുകളാണ് പെട്ടിയിലുണ്ടായിരുന്നത്. വോട്ടുകള്‍ അസാധുവാക്കിയതിനെതിരെ ഇടത് സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ 38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരം വിജയിച്ചത്.

Post a Comment

0 Comments