NEWS UPDATE

6/recent/ticker-posts

ഹര്‍ത്താല്‍ നാശനഷ്ടം; പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിത്തുടങ്ങി; 10 ജില്ലകളില്‍ നടപടി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്തുവകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടിത്തുടങ്ങി. കഴിഞ്ഞ സെപ്റ്റംബറില്‍ സംഘടന ആഹ്വാനംചെയ്ത മിന്നല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം ഈടാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. 10 ജില്ലകളില്‍ നടപടി ആരംഭിച്ചു. കേസില്‍ ജപ്തി നടപടികള്‍ വൈകുന്നതിനെതിരേ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.[www.malabarflash.com]


പിഎഫ്‌ഐ ജനറല്‍ സെക്രട്ടറിയായിരുന്ന അബ്ദുള്‍ സത്താറിന്റെ കരുനാഗപ്പള്ളിയിലെ വീടും വസ്തുക്കളും വെള്ളിയാഴ്ച ഉച്ചയോടെ ഉദ്യോഗസ്ഥരെത്തി കണ്ടുകെട്ടി. കരുനാഗപ്പള്ളി തഹസില്‍ദാര്‍ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയത്. ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തൃശ്ശൂരില്‍ കുന്നംകുളം താലൂക്ക് പരിധിയിലെ അഞ്ച് പിഎഫ്‌ഐ നേതാക്കളുടെ വീടും സ്ഥലവും ജപ്തിചെയ്തു. വയനാട്ടില്‍ 14 പേരുടെ സ്ഥലങ്ങള്‍ അളന്ന് തിട്ടപ്പെടുത്തി ജപ്തിചെയ്തു. കാസര്‍കോട് ജില്ലയില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലെത്തിയും റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചു. ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ച അഞ്ചുമണിക്ക് മുമ്പായി സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കത്തയച്ചിരുന്നു.

മിന്നല്‍ഹര്‍ത്താലിന് നഷ്ടപരിഹാരമായി 5.20 കോടിരൂപ കെട്ടിവെക്കണമെന്ന് പോപ്പുലര്‍ ഫ്രണ്ടിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതു പാലിക്കാത്തതിനാലാണ് നേതാക്കളുടെ സ്വത്തുക്കള്‍ ജപ്തിചെയ്യാന്‍ കോടതി നിര്‍ദേശിച്ചിരുന്നത്. ഈ നടപടികളും ഊര്‍ജിതമല്ലെന്നുകണ്ടാണ് കഴിഞ്ഞദിവസം വീണ്ടും കോടതി വിഷയത്തില്‍ ഇടപെട്ടത്. സ്വത്ത് കണ്ടുകെട്ടിയത് സംബന്ധിച്ച് സര്‍ക്കാര്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

Post a Comment

0 Comments