NEWS UPDATE

6/recent/ticker-posts

കോട്ടിക്കുളം റെയില്‍വേ മേല്‍പാലത്തിന് അനുമതിയായതായി അഡ്വ.സി എച്ച്‌ കുഞ്ഞമ്പു എംഎല്‍എ

ഉദുമ: കോട്ടിക്കുളം റെയില്‍ മേല്‍പാലത്തിന് റെയില്‍വെ അനുമതിയായതായി ഉദുമ എംഎല്‍എ  അഡ്വ. സി എച്ച്‌ കുഞ്ഞമ്പു അറിയിച്ചു.[www.malabarflash.com]

സംസ്ഥാനത്ത് റെയില്‍വേ പ്ലാറ്റ് ഫോം രണ്ടായി മുറിച്ച് കൊണ്ട് കടന്നുപോകുന്ന റോഡുള്ള ഏക ക്രോസിംഗാണ് കോട്ടിക്കുളത്തേത്. ഇവിടെ മേല്‍പാലം നിര്‍മിക്കുന്നതിന് കിഫ്ബി ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് 20 കോടി രൂപ അനുവദിച്ചിരുന്നു. ഡിപിആര്‍ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയ ആര്‍ബിഡിസികെ ആവശ്യത്തിന് സ്ഥലം ഏറ്റെടുക്കുകയും മേല്‍പാലം യാഥാര്‍ഥ്യമാക്കാന്‍ റെയില്‍വെയുടെ അനുമതിക്കായി വര്‍ഷങ്ങളായി കാത്തിരിക്കുകയുമായിരുന്നു.

റെയില്‍വെയുടെ സുരക്ഷയെ ബാധിക്കുന്ന ക്രോസിംഗായതിനാല്‍ ഇവിടെ മേല്‍പാലം നിര്‍മിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ റെയില്‍വെ ഭൂമി ഏറ്റെടുത്തിരുന്നു. എന്നാല്‍ റെയില്‍വെ ആനുപാതികമായി പണം വകയിരുത്താതതിനാല്‍ കോട്ടിക്കുളം മേല്‍പാലം യാഥാര്‍ഥ്യമായില്ല. ഒരു ഘട്ടത്തില്‍ തങ്ങള്‍ ഏറ്റെടുത്ത ഭൂമിക്ക് വില തന്നാല്‍ അനുമതി നല്‍കാമെന്ന റെയില്‍വെയുടെ ആവശ്യത്തിനും സംസ്ഥാന സര്‍കാര്‍ അനുമതി നല്‍കി. എന്നിട്ടും റെയില്‍വെ അനുമതി നല്‍കാതിരിക്കുകയായിരുന്നു.

ഈ വിഷയം നിയമസഭയ്ക്ക് അകത്തും, പുറത്ത് എംഎല്‍എ എന്ന നിലയില്‍ ആക്ഷന്‍ കമിറ്റിയുടെ നേതൃത്വത്തിലും നിരന്തരം ഉയര്‍ത്തി കൊണ്ടുവരികയും,  ഇടപെടുകയും ചെയ്തതിന്റെ ഫലമായാണ് റെയില്‍വേയുടെ ഇപ്പോഴത്തെ അനുകൂല നടപടിയെന്ന് അഡ്വ. സി എച്ച്‌ കുഞ്ഞമ്പു പറഞ്ഞു. 

റെയില്‍വെ ജി എ ഡി (GAD - General Arrangement Drawing) പ്ലാന്‍ അംഗീകരിച്ചാല്‍ ഭൂമി വിട്ടുതരാമെന്ന് അറിയിച്ചിരുന്നു. ജി എ ഡി പ്ലാന്‍ റെയില്‍വെ അംഗീകരിച്ചു കഴിഞ്ഞു. ഇനി സ്ഥലം വിട്ടുകിട്ടിയാല്‍ ആര്‍ബിഡിസികെക്ക് ടെന്‍ഡര്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ സാധിക്കും. കോട്ടിക്കുളത്ത് അധികമായി ഒരു റെയില്‍വെ ലൈന്‍ കൂടി വരുന്നതിനാല്‍ മേല്‍പാലത്തിന് നീളം കൂട്ടണമെന്ന് റെയില്‍വെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന് കുറച്ചു കൂടി ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നും സി എച് കുഞ്ഞമ്പു വ്യക്തമാക്കി.

Post a Comment

0 Comments