Top News

സന്ദര്‍ശക വിസ പുതുക്കാന്‍ രാജ്യം വിടണം; പുതിയ നിര്‍ദേശവുമായി യുഎഇ

ദുബൈ: സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞവര്‍ പുതുക്കുന്നതിനായി രാജ്യം വിടണമെന്ന നിയമം യുഎഇയില്‍ വീണ്ടും നിലവില്‍ വന്നു. അബുദാബി, ദുബൈ  എമിറേറ്റുകളിലെ ട്രാവല്‍ ഏജന്റുമാര്‍ക്കാണ് നിലവില്‍ നിര്‍ദേശം ലഭിച്ചിരിക്കുന്നത്. യുഎഇയില്‍ സന്ദര്‍ശക വിസയിലുള്ളവര്‍ക്ക് രാജ്യത്തിനുള്ളില്‍ വച്ചുതന്നെ വിസ മാറാമെന്ന നിയമമാണ് ഒഴിവാക്കിയിരിക്കുന്നത്.[www.malabarflash.com]


രാജ്യം വിടാതെ തന്നെ വിസ മാറുന്നതിനായി കോവിഡ് അതിതീവ്ര വ്യാപന പശ്ചാത്തലത്തിലായിരുന്നു അനുവാദം നല്‍കിയിരുന്നത്. കോവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തായിരുന്നു ഇത്തരമൊരു സൗകര്യം അനുവദിച്ചിരുന്നത്.

സന്ദര്‍ശക വിസയിലുള്ളവര്‍ അധിക തുക നല്‍കി രാജ്യത്ത് നിന്നുതന്നെ വിസ പുതുക്കുകയായിരുന്നു ചെയ്തിരുന്നത്. ചൊവ്വാഴ്ച മുതല്‍ പുതിയ നിയമം ബാധകമാകുമെന്നാണ് ഭരണകൂടത്തിന്റെ നിര്‍ദേശം. സന്ദര്‍ശകവിസ കാലാവധി കഴിഞ്ഞാല്‍ വിമാനമാര്‍ഗമോ ബസിലോ രാജ്യത്തിന് പുറത്തുപോയി എക്‌സിറ്റ് അടിച്ച് തിരികെയെത്തി വിസ പുതുക്കേണ്ടി വരും. താമസവിസക്കാര്‍ക്ക് പുതിയ നിര്‍ദേശം ബാധകമല്ല.

Post a Comment

Previous Post Next Post