Top News

‘ഭരണഘടനയെ സംരക്ഷിക്കാൻ മോദിയെ കൊല്ലാൻ തയാറാകൂ’: കോൺഗ്രസ് നേതാവ് വിവാദത്തിൽ

ന്യൂഡൽഹി: ഭരണഘടന സംരക്ഷിക്കപ്പെടണമെങ്കിൽ മോദിയെ കൊല്ലാൻ തയാറാവൂ എന്ന കോൺഗ്രസ് നേതാവിന്റെ പരാമർശം വിവാദത്തിൽ. മധ്യപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവായ രാജ പട്ടേരിയ ആണു വിവാദ പരാമർശം നടത്തിയത്. കൊല്ലുക എന്നുള്ളതുകൊണ്ട് മോദിയെ പരാജയപ്പെടുത്തുക എന്നാണു താൻ ഉദ്ദേശിച്ചത് എന്ന് അദ്ദേഹം ഉടൻ വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ല. പട്ടേരിയയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി ബി‍ജെപി നേതാക്കളാണ് ഇതിനോടകം രംഗത്തു വന്നത്.[www.malabarflash.com]


മധ്യപ്രദേശിലെ പന്നാ ജില്ലയിൽ കോണ്‍ഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കവെ ആയിരുന്നു പട്ടേരിയയുടെ വിവാദ പ്രസ്താവന. ‘‘മോദി തിരഞ്ഞെടുപ്പുകൾ നിർത്തലാക്കും. മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരിൽ രാജ്യത്തെ വിഭജിക്കും. രാജ്യത്തെ ദലിതരുടെയും ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ജീവിതം അപകടത്തിലാണ്. ഭരണഘടന സംരക്ഷിക്കപ്പെടണമെങ്കിൽ മോദിയെ കൊല്ലാൻ തയാറാവണം’’ – ഇതായിരുന്നു പട്ടേരിയയുടെ പ്രസ്താവന. 

തുടർന്ന് ഇതേ പ്രസംഗത്തിൽത്തന്നെ കൊലപ്പെടുത്തുക എന്നതുകൊണ്ട് മോദിയെ പരാജയപ്പെടുത്തുക എന്നാണ് ഉദ്ദേശിച്ചതെന്നും ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണെങ്കിൽ മോദിയെ തിരഞ്ഞടുപ്പിൽ പരാജയപ്പെടുത്തണമെന്നും അദ്ദേഹം വിശദീകരിച്ചു. മഹാത്മാ ഗാന്ധിയുടെ അഹിംസ എന്ന ആശയമാണു താൻ പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇന്നത്തെ കോണ്‍ഗ്രസ് മഹാത്മാ ഗാന്ധിയുടെ കോൺഗ്രസ് അല്ലെന്നും മുസോളിനിയുടെ ചിന്താഗതിയുള്ള ഇറ്റാലിയൻ കോൺഗ്രസ് ആണെന്നുമാണ് പട്ടേരിയയുടെ പരാമർശം സൂചിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. രാജ പട്ടേരിയയുടെ പരാമർശം മാപ്പർഹിക്കാത്ത കുറ്റമാണെന്ന് അഭിപ്രായപ്പെട്ട് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷിയും രംഗത്തെത്തി.

കോൺഗ്രസിന്റെ യഥാർഥ വികാരം പുറത്തു വന്നു എന്നായിരുന്നു മുഖ്യമന്ത്രി ശിവരാജ് സിംങ് ചൗഹാന്റെ പ്രതികരണം. ‘‘ജനങ്ങളുടെ ഹൃദയങ്ങളിലാണു നരേന്ദ്ര മോദിയുടെ സ്ഥാനം. രാജ്യത്തിന്റെ മുഴുവൻ ആരാധനാപാത്രമാണ് അദ്ദേഹം. രാജ്യത്തെ ജനങ്ങൾക്ക് അദ്ദേഹത്തിൽ വിശ്വാസമുണ്ട്. പ്രധാനമന്ത്രിയെ തിരഞ്ഞടുപ്പിൽ നേരിടാൻ കോണ്‍ഗ്രസിനു സാധിക്കില്ല. കോൺഗ്രസിന്റെ ഒരു നേതാവ് അദ്ദേഹത്തെ കൊലപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്തിരിക്കുന്നു. അസൂയയിൽനിന്നും കടുത്ത വെറുപ്പിൽനിന്നും ഉണ്ടായ പ്രസ്താവനയാണത്. ഇതിലൂടെ കോൺഗ്രസിന്റെ യഥാർഥ മുഖം പുറത്തു വന്നിരിക്കുകയാണ്. അത്തരം പരാമർശങ്ങള്‍ ക്ഷമിക്കാനാവില്ല. പട്ടേരിയയ്ക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യും. നിയമ നടപടികളുമായി മുന്നോട്ട് പോകും’’. അദ്ദേഹം പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പട്ടേരിയയ്ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Post a Comment

Previous Post Next Post