NEWS UPDATE

6/recent/ticker-posts

ഉദുമ ഇനി മാലിന്യ മുക്ത പഞ്ചായത്ത്‌; സമ്പൂർണ മാലിന്യനിർമ്മാർജന പദ്ധതി നടപ്പാക്കാൻ തീരുമാനം

ഉദുമ: അജൈവ മാലിന്യ സംസ്കരണത്തിന് സമഗ്ര പദ്ധതി തയ്യാറാക്കി ഉദുമ ഗ്രാമപഞ്ചായത്ത്. ശാസ്ത്രീയമായി മാലിന്യ ശേഖരണവും സംസ്കരണവും നടപ്പിലാക്കി മാലിന്യമുക്ത പഞ്ചായത്തായി ഉദുമയെ മാറ്റുക എന്നതാണ് ലക്ഷ്യം. മാലിന്യസംസ്കരണ രംഗത്ത് പ്രവർത്തിക്കുന്ന ഗ്രീൻ വേംസ് ഇക്കോ സൊല്യൂഷൻസ് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് സമഗ്ര മാലിന്യനിർമാർജന പദ്ധതി നടപ്പിലാക്കുന്നത്.[www.malabarflash.com]

പദ്ധതിയുടെ നടത്തിപ്പിന് മുന്നോടിയായി തിങ്കളാഴ്ച ഹരിത കർമ്മ സേനാംഗങ്ങൾ ആശാവർക്കർമാർ അങ്കണവാടി ടീച്ചർമാർ തൊഴിലുറപ്പ് മേറ്റുമാർ എഡിഎസ്, സിഡിഎസ് അംഗങ്ങൾ തുടങ്ങിയവരുടെ യോഗം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ചേർന്നു.

പ്രസിഡൻറ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. വി. ബാലകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷ സൈനബ അബൂബക്കർ, സെക്രട്ടറി പി. ദേവദാസ്, ജനപ്രതിനിധികളായ ഹാരിസ് അങ്കക്കളരി, പുഷ്പ, യാസ്മിൻ റഷീദ, ശകുന്തള, നബീസ പാക്യാര, വിഇഒമാരായ പ്രവീൺകുമാർ, ഷീന , ഗ്രീൻ വേംസ് പ്രോജക്ട് മാനേജർ കെ. ശ്രീരാഗ്.എന്നിവർ സംസാരിച്ചു.

പദ്ധതിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാർട്ടി, വ്യാപാരി വ്യവസായി സംഘടന, യുവജന സംഘടന പ്രതിനിധികളുടെ യോഗവും ചേർന്നു. വ്യാപാരി സംഘടനാ ഭാരവാഹികളായ എ. വി. ഹരിഹരസുതൻ, എം. എസ്. ജെംഷീദ്, ദിവാകരൻ, കെ ചന്ദ്രൻ തുടങ്ങിയവരും സംബന്ധിച്ചു. 

 പദ്ധതി ഡിസംബർ ആദ്യവാരം ആരംഭിക്കും. ഒരു വാർഡിൽ ഒരു ദിവസം എന്ന രീതിയിലാണ് മാലിന്യ ശേഖരണം. ഹരിത കർമ സേനാംഗങ്ങൾ വീടുകളിൽ നിന്ന് ഒന്നര മാസത്തിലൊരിക്കലും സ്ഥാപനങ്ങൾ കടകൾ എന്നിവയിൽ മാസത്തിലൊരിക്കലും യൂസർ ഫീ ഈടാക്കി മാലിന്യം ശേഖരിക്കും. വീടുകളിൽ നിന്ന് 50 രൂപയും കടകൾ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് 100 രൂപയും ഈടാക്കും. ഇതിന്റെ രസീത് പഞ്ചായത്ത് സേവനങ്ങൾക്കായി ഉപയോഗിക്കും. ബയോമെഡിക്കൽ, സാനിറ്ററി നാപ്കിൻ, ഡയപ്പർ എന്നിവ ഒഴികെയുള്ള മുഴുവൻ അജൈവമാലിന്യങ്ങളും ശേഖരിച്ച് സംസ്കരിക്കും. ഒഴിവാക്കപ്പെട്ടവ കൂടി അടുത്തഘട്ടത്തിൽ പരിഗണിക്കാൻ നടപടി ഉണ്ടാകും.

മാലിന്യങ്ങൾ പൊതുനിരത്തുകളിലും ജലാശയങ്ങളിലും നിക്ഷേപിക്കുന്നവർക്കെതിരെ പഞ്ചായത്തീരാജ് ആക്റ്റിലെ സെക്ഷൻ 219(എസ്) പ്രകാരം പതിനായിരം രൂപ മുതൽ ഇരുപത്തിഅയ്യായിരം രൂപ വരെ പിഴ ഈടാക്കും. ആറ് മാസം മുതൽ ഒരു വർഷം വരെ തടവ് ശിക്ഷ കിട്ടാനുള്ള കുറ്റകൃത്യമാണിത്. 

തുക നൽകിയശേഷം മാലിന്യം എടുത്തില്ലെങ്കിൽ പഞ്ചായത്തുമായി ബന്ധപ്പെട്ട് പരാതി നൽകാം. പദ്ധതിയുമായി ബന്ധപ്പെട്ട പൊതുജനങ്ങൾക്കുണ്ടാകുന്ന പരാതികളും സംശയങ്ങളും പരിഹരിക്കുന്നതിന് കസ്റ്റമർ കെയർ നമ്പർ സജ്ജമാക്കും.

Post a Comment

0 Comments