NEWS UPDATE

6/recent/ticker-posts

മുടികൊ​ഴിച്ചിലിൽ മനംനൊന്ത് ഡോക്ടറുടെ പേരെഴുതിവെച്ച് യുവാവ് ആത്മഹത്യ ചെയ്തു

കോഴിക്കോട്: മുടികൊഴിച്ചിലിന് ചികിത്സ തേടിയ യുവാവ് പുരികവും മീശയും രോമവും കൊഴിഞ്ഞതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ ചികിത്സിച്ച ഡോക്ടർക്കെതിരെ പരാതിയുമായി കുടുംബം. ഉള്ള്യേരി ഗ്രാമപഞ്ചായത്തിലെ നോർത്ത് കന്നൂര് സ്വദേശി പ്രശാന്തിന്റെ (29) മരണവുമായി ബന്ധപ്പെട്ടാണ് ബന്ധുക്കൾ പരാതി നൽകിയത്.[www.malabarflash.com]


ഒക്ടോബർ ഒന്നിനാണ് പ്രശാന്തിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് കാരണം ചികിത്സിച്ച ഡോക്ടറാണെന്നും ഡോക്ടർ നൽകിയ മരുന്ന് കഴിച്ച ശേഷം പുരികവും രോമങ്ങളുമടക്കം കൊഴിഞ്ഞുവെന്നും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിൽ മരിക്കുകയാണെന്നുമാണ് പ്രശാന്തിന്റെ ആത്മഹത്യ കുറിപ്പ്.

2014 മുതൽ കോഴിക്കോട്ടെ ഡോക്ടറുടെ ക്ലിനിക്കിൽ യുവാവ് ചികിത്സ തേടിയിരുന്നു. സാധാരണ മുടികൊഴിച്ചിൽ പരിഹരിക്കാൻ സമീപിച്ച തന്നെ വില കൂടിയതും പാർശ്വഫലങ്ങൾ ഉണ്ടാക്കുന്ന വീര്യം കൂടിയതുമായ മരുന്നുകൾ നൽകി ദീർഘകാലം ചികിത്സക്ക് വിധേയനാക്കിയെന്നും ചികിത്സ തുടങ്ങിയതോടെ ഉണ്ടായ അസ്വസ്ഥതകൾ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഡോക്ടർ ഗൗനിച്ചില്ലെന്നും കുറിപ്പിൽ പറയുന്നു.

സാധാരണ മുടികൊഴിച്ചിലാണെന്ന ധാരണയില്ലാതെ ചികിത്സ തേടിയതാണ് താൻ ചെയ്ത ഏറ്റവും വലിയ തെറ്റെന്നും പുരികവും മീശയും കൊഴിയുന്നത് ശ്രദ്ധയിൽപെടുത്തിയപ്പോൾ ഡോക്ടർ മോശമായി പെരുമാറിയതായും കുറിപ്പിലുണ്ട്.

പരാതിയിൽ അത്തോളി പോലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് കുടുംബം രംഗത്തുവന്നു. മൃതദേഹ പരിശോധനയിൽ ലഭിച്ച ആത്മഹത്യ കുറിപ്പ് പോലീസ് തങ്ങളെ വായിച്ചുകേൾപ്പിച്ചില്ലെന്നും 13 ദിവസം കഴിഞ്ഞ് പ്രശാന്തിന്റെ സഹോദരൻ ആവശ്യപ്പെട്ടതിനു ശേഷമാണ് കുറിപ്പും ഫോണും തിരികെ നൽകിയതെന്നും പിതാവ് പ്രഭാകരൻ പറഞ്ഞു.

ഇത്തരം അനുഭവങ്ങൾ ഇനിയാർക്കും ഉണ്ടാവാതിരിക്കാൻ കൂടിയാണ് തങ്ങളുടെ നിയമപോരാട്ടമെന്ന് പ്രഭാകരൻ പറഞ്ഞു. അന്വേഷണം ഫലപ്രദമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രശാന്തിന്റെ പിതാവ് പേരാമ്പ്ര ഡിവൈ.എസ്.പിക്ക് പരാതി നൽകി. ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയതായും കൂടുതൽ അന്വേഷണങ്ങൾ നടന്നുവരുന്നതായും അത്തോളി പൊലീസ് പറഞ്ഞു.

Post a Comment

0 Comments