മലപ്പുറം: ഫുട്ബോൾ ലോകകപ്പിനു മുന്നോടിയായി അർജന്റീന താരം ലയണൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടയിൽ തകർന്നുവീണു. മലപ്പുറം എടക്കര മുണ്ടയിൽ നടന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തവന്നു.[www.malabarflash.com]
സിഎൻജി റോഡിന്റെ അരികിലാണ് 65 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചത്. പ്രദേശത്തെ അർജന്റീന ആരാധകർ എല്ലാം ഒത്തുചേർന്ന് ആഘോഷത്തോടെയാണ് കട്ടൗട്ട് സ്ഥാപിക്കൽ നടത്തിയത്. ഒരു ലക്ഷം രൂപയോളം ചെലവഴിച്ചാണ് ഈ കട്ടൗട്ട് തയ്യാറാക്കിയത്.
എന്നാൽ അൽപസമയത്തിനകം കട്ടൗട്ട് നടുവെ ഒടിഞ്ഞ് മറിഞ്ഞു വീഴുകയായിരുന്നു. ഇതോടെ താഴെനിന്ന ആരാധകർ ഓടിമാറുന്നതും ദൃശ്യങ്ങളിൽ കാണാം. തകർന്നുവീണ കട്ടൗട്ട് പുനഃസ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ആരാധകർ. കഴിഞ്ഞ ലോകകപ്പിൽ 40 അടി ഉയരമുള്ള കട്ടൗട്ട് ഇവിടെ സ്ഥാപിച്ചിരുന്നു.
നേരത്തെ, കോഴിക്കോട് പുള്ളാവൂർ പുഴയിൽ സ്ഥാപിച്ച് മെസ്സിയുടെ 30 അടി ഉയരമുള്ള കട്ടൗട്ട് വൈറലായിരുന്നു. എന്നാൽ ഇതു നീക്കം ചെയ്യണമെന്നു പഞ്ചായത്ത് നിർദേശം നൽകിയെന്ന തരത്തിലുള്ള റിപ്പോർട്ട് വിവാദമാകുകയും ചെയ്തു. മെസ്സിയുടെ കട്ടൗട്ടിനു പിന്നാലെ ബ്രസീൽ ആരാധകർ നെയ്മാറുടെ കട്ടൗട്ടും സ്ഥാപിച്ചതോടെ പുഴയുടെ സ്വാഭാവികമായ നീരൊഴുക്ക് തടസപ്പെട്ടെന്ന പരാതി ലഭിച്ചതോടെയാണ് പഞ്ചായത്തിന്റെ നിർദേശം. എന്നാൽ കട്ടൗട്ടുകൾ മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം.
0 Comments