Top News

വിഴിഞ്ഞം സ്‌റ്റേഷന്‍ വളഞ്ഞ് സമരക്കാര്‍; 2 പോലീസ് ജീപ്പുകള്‍ തകര്‍ത്തു, 17 പോലീസുകാര്‍ക്ക് പരിക്ക്

തിരുവനന്തപുരം: വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ പരിസരത്ത് സംഘര്‍ഷാവസ്ഥ. വിഴിഞ്ഞം തുറമുഖനിര്‍മാണത്തിനെതിരേ സമരം ചെയ്യുന്നവര്‍ പോലീസ് സ്റ്റേഷന്‍ വളഞ്ഞു. ശനിയാഴ്ചത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അഞ്ചോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടയക്കണമെന്ന ആവശ്യവുമായാണ് സമരാനുകൂലികള്‍ എത്തിയത്. വൈദികര്‍ അടക്കമുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്. തുടര്‍ന്ന് സംഘര്‍ഷാവസ്ഥ രൂപപ്പെടുകയായിരുന്നു. കസ്റ്റഡിയില്‍ എടുത്തവര്‍ നിരപരാധികളാണെന്നും വിട്ടയ്ക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം.[www.malabarflash.com]


പ്രതിഷേധക്കാരെ നീക്കാന്‍ പോലീസ് നാലുതവണ കണ്ണീര്‍ വാതകവും ആറുതവണ ഗ്രനേഡും പ്രയോഗിച്ചു. 17 പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ശനിയാഴ്ചത്തെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച പോലീസ് പത്തോളം കേസാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഒന്‍പതെണ്ണം തുറമുഖത്തിനെതിരെ സമരം ചെയ്തവരുടെ പേരിലാണ്. തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരത്തോടെ വിഴിഞ്ഞം സ്വദേശിയായ സെല്‍റ്റോയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തെ വിട്ടയക്കണമെന്ന ആവശ്യവുമായി വൈദികര്‍ അടക്കമുള്ള സംഘം പോലീസ് സ്‌റ്റേഷനിലെത്തി. നേരത്തെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളും ഈ സംഘത്തിലുണ്ടായിരുന്നു. പോലീസും ഈ സംഘവും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന്, മോചിപ്പിക്കാനെത്തിയ സംഘത്തിലെ പ്രതികളായവരോട് സ്‌റ്റേഷനില്‍ തുടരാന്‍ പോലീസ് നിര്‍ദേശിച്ചു. തുടര്‍ന്ന് പോലീസും ഇവരും തമ്മില്‍ സംഘര്‍ഷം രൂപപ്പെടുകയായിരുന്നു.

പ്രതിഷേധക്കാര്‍ രണ്ട് പോലീസ് ജീപ്പുകള്‍ ആക്രമിക്കുകയും വാന്‍ തടയുകയും ചെയ്തു. വിഴിഞ്ഞം സ്‌റ്റേഷനിലെയും കരമന സ്‌റ്റേഷനിലെയും ജീപ്പുകളാണ് പ്രതിഷേധക്കാര്‍ അടിച്ചുതകര്‍ത്തത്. പിന്നീട് ഇവ മറിച്ചിടുകയും ചെയ്തു. സംഘര്‍ഷം രൂപപ്പെട്ടതിന് പിന്നാലെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ നന്ദാവനം എ.ആര്‍. ക്യാമ്പില്‍നിന്ന് 200 പോലീസുകാരെ സ്ഥലത്തേക്ക് അയച്ചു. എന്നാല്‍ അവര്‍ അവിടേക്ക് എത്തുമ്പോഴേക്കും ജനക്കൂട്ടം സ്ഥലത്തെത്തിയിരുന്നു.

നിലവില്‍ രണ്ടായിരത്തോളം പേര്‍ പ്രതിഷേധവുമായെത്തുന്നുണ്ടെന്നാണ് വിവരം. ഇവര്‍ സ്‌റ്റേഷനിലെ ഒരു ഷെഡ് തകര്‍ത്തു. ഒരു ഫ്‌ളെക്‌സ് ബോര്‍ഡ് നശിപ്പിച്ച് അതിന്റെ പട്ടിക കൊണ്ട് രണ്ടു പോലീസുകാരുടെ തലയ്ക്ക് അടിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. എസിവിയുടെ ക്യാമറാമാന് നേരെയും ആക്രമണമുണ്ടായി. ഇദ്ദേഹത്തെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാര്‍ സ്‌റ്റേഷനുള്ളില്‍ കയറി അക്രമം കാണിച്ചുവെന്നും വയര്‍ലെസ് സെറ്റുകള്‍ അടിച്ചു തകര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പോലീസ് സ്‌റ്റേഷനില്‍ സമരക്കാരുമായി ചര്‍ച്ച പുരോഗമിക്കുകയാണ്.

സ്ഥലത്ത് ഇരുന്നൂറോളം പോലീസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡി.സി.പി. സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സന്നാഹം സജ്ജമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post