NEWS UPDATE

6/recent/ticker-posts

കോവിഡ് കാലത്ത് മാറ്റിവെക്കേണ്ടി വന്ന വയനാട്ടുകുലവൻ തെയ്യം കെട്ടുകൾ മാർച്ച്‌ മുതൽ ആരംഭിക്കും

പാലക്കുന്ന്: കോവിഡ് മഹാമാരിയെ തുടർന്ന് നടക്കാതെ പോയ വയനാട്ടുകുലവൻ തെയ്യംകെട്ടുത്സവങ്ങൾ 2023ൽ നടത്താനുള്ള ഒരുക്കങ്ങൾ ജില്ലയിൽ ആരംഭിച്ചു. പാലക്കുന്ന് കഴകത്തിലെ 123 അടക്കം ചെറുവത്തൂർ മയിച്ച മുതൽ തലപ്പാടി വരെ 525 വയനാട്ടുകുലവൻ തറവാടുകളാണ് തീയ സമുദായക്കാർക്കുള്ളത്. ഇതിൽ 12 തറവാടുകളിലാണ് മാർച്ച്‌ മുതൽ തെയ്യംകെട്ട് നടക്കുന്നത്.[www.malabarflash.com]


2020ൽ തീയതി നിശ്ചയിച്ച തറവാടുകളിൽ കോവിഡ് വ്യാപനം മൂലം നടക്കാതെ പോയവയാണിപ്പോൾ അതിനായി തയ്യാറെടുക്കുന്നത്. വെള്ളിക്കോത്ത് വയനാട്ടുകുലവൻ ദേവസ്ഥാനമടക്കം ഏതാനുമിടങ്ങളിൽ തെയ്യംകെട്ടിന് മുന്നോടിയായുള്ള 'കൂവം അളക്കൽ'ചടങ്ങ് നടന്നിരുന്നുവെങ്കിലും കോവിഡ് കാലത്തെ അനിശ്ചിതത്വം മൂലം ഉത്സവം നടന്നില്ല.

തീയതി നിശ്ചയിച്ച ശേഷം ഒരുക്കങ്ങൾ നടന്നുവരവേ അവ ഉപേക്ഷിക്കേണ്ടി വന്നതിനാൽ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഇവിടങ്ങളിൽ ലക്ഷങ്ങൾ ചെലവിട്ടത് വെറുതെയായി. 2023ലെ തെയ്യംകെട്ടുത്സവങ്ങൾക്ക് കോലധാരികളെയും വെളിച്ചപ്പാടന്മാരെയും ബന്ധപ്പെട്ടവരെയും ഏകോപിപ്പിച്ച് തീയതി നിശ്ചയിച്ചു. കൊളത്തൂർ കണ്ണംവള്ളി തറവാട് ഒഴികെ മറ്റു 11 ഇടങ്ങളിലും നടക്കേണ്ട തീയതിയും കോലാധാരികളും ഇപ്രകാരമാണ്: തീയതിയും കണ്ടനാർകേളൻ, തൊണ്ടച്ചൻ തെയ്യങ്ങൾക്കുമുള്ള കോലധാരികളും ക്രമത്തിൽ.

സുള്ള്യ കുമ്പളശേരി- മാർച്ച്‌ 3 മുതൽ 5 വരെ.മുരളി കുറ്റിക്കോൽ,സുകുമാരൻ കർണമൂർത്തി .

കിഴക്കെ വെള്ളിക്കോത്ത്-മാർച്ച്‌ 10 മുതൽ 12. ജയൻ കുറ്റിക്കോൽ, ശരത് തെക്കുംകര. 

കുറ്റിക്കോൽ ചേലിട്ട്കാരൻ വീട്-മാർച്ച്‌ 16 മുതൽ19.സച്ചിൻ കാവിൽ, ജയൻ കുറ്റിക്കോൽ.

ജാൽസൂർ വാഴവളപ്പിൽ തറവാട്-മാർച്ച്‌ 24 മുതൽ 26.
ഷിജു കൂടാനം, ജയൻ കുറ്റിക്കോൽ.

പാണുർ നൂവംബയൽ-ഏപ്രിൽ 5 മുതൽ 7.
സന്തോഷ് ബാര, ജയൻ കുറ്റിക്കോൽ. 

പാക്കം പള്ളിപ്പുഴ-ഏപ്രിൽ 9 മുതൽ 11. മുരളി കുറ്റിക്കോൽ, ബാലൻ കൂടാനം.

രാവണിശ്വരം താനത്തിങ്കാൽ -ഏപ്രിൽ 23 മുതൽ 25.
രാജേഷ് കുറ്റിക്കോൽ,ബാലൻ കൂടാനം. 

തൃക്കണ്ണാട് കൊളത്തുങ്കാൽ-ഏപ്രിൽ 30 മുതൽ മെയ്‌ 2.
ജയൻ കുറ്റിക്കോൽ, കുമാരൻ താന്നുർ. 

പട്‌ള ഭണ്ഡാരവീട് തറവാട്-മെയ്‌ 5 മുതൽ 7. ഷിജു കൂടാനം,
ചതുർഭുജൻ കർണ്ണമൂർത്തി. 

ചിത്താരി പൊയ്യക്കര-മെയ്‌ 9 മുതൽ11. ശരത് തെക്കുംകര, സുകുമാരൻ കർണ്ണമൂർത്തി.

കോരിച്ചാൽ വയനാട്ടുകുലവൻ ദേവസ്ഥാനം- മെയ്‌ 16 മുതൽ 18.
ജയൻ കുറ്റിക്കോൽ,സുകുമാരൻ കർണമൂർത്തി.

തെയ്യംകെട്ടുത്സവങ്ങൾക്ക്‌ ഭാരിച്ച ചെലവുകൾ വേണ്ടിവരുന്നത് ആഘോഷ -ആർഭാടങ്ങളിൽ നിയന്ത്രണമില്ലാത്തതിനാലാണെന്നും ഇനിമുതൽ അനുഷ്ഠാങ്ങളിലും ആചാരങ്ങളിലും ഒതുക്കി അവ നടത്തേണ്ടതിന്റെ ഔചിത്യം തറവാട് - ആഘോഷകമ്മിറ്റി ഭാരവാഹികൾ മനസിലാക്കണമെന്നും ഉത്തര മലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് രാജൻ പെരിയയും പാലക്കുന്ന് കഴകം ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരനും പറഞ്ഞു. 

കമാനങ്ങൾ, തോരണങ്ങൾ, സാംസ്‌കാരിക, കലാ പരിപാടികൾ, പ്രിന്റിംഗ്, ലൈറ്റ് ആൻഡ് സൗണ്ട്സ് എന്നിവയിൽ ലാളിത്യവും പരിമിതിയും വേണം. 30 മുതൽ 40 ലക്ഷം വരെയാണ്‌ ഓരോ തറവാടും തെയ്യംകെട്ടിനായി ചെലവിടുന്നത്. ഇത് പകുതിയായി കുറയ്‌ക്കാനാവുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.

Post a Comment

0 Comments