Top News

കല്ലുവാതുക്കൽ മദ്യദുരന്ത കേസ്; മണിച്ചന്‍ ജയിൽ മോചിതനായി

തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യദുരന്തക്കേസിൽ ശിക്ഷിക്കപ്പെട്ട മണിച്ചൻ ജയിൽ മോചിതനായി. ജയിൽ നടപടികൾ പൂർത്തിയായി മണിച്ചൻ തിരുവനന്തപുരം നെട്ടുകാൽത്തേരി ഓപ്പൺ ജയിലിൽ നിന്ന് മോചിതനായി. 

ശിക്ഷ റദ്ദാക്കി സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിറക്കിയെങ്കിലും ഇന്നലെയും മണിച്ചന് ജയിൽ മോചിതനാകാൻ കഴിഞ്ഞില്ല. സുപ്രീം കോടതി ഉത്തരവ് ആഭ്യന്തര വകുപ്പിൽ എത്താത്തതാണ് റിലീസ് വൈകാൻ കാരണം. താൻ സന്തുഷ്ടനാണെന്നും പ്രത്യേകിച്ച് ഒന്നും പറയാനില്ലെന്നുമായിരുന്നു മണിച്ചന്‍റെ ആദ്യ പ്രതികരണം. 

രണ്ട് പതിറ്റാണ്ടിന് ശേഷമാണ് മണിച്ചൻ ജയിൽ മോചിതനായത്. 2000 ഒക്ടോബർ 21നാണ് സംസ്ഥാനത്തെ നടുക്കിയ വിഷമദ്യ ദുരന്തം ഉണ്ടായത്. കൊല്ലം കല്ലുവാതുക്കലിൽ ഹയറുന്നീസ എന്ന യുവതി നടത്തിയിരുന്ന വാറ്റ് കേന്ദ്രത്തിൽ നിന്ന് മദ്യം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. നൂറിലധികം പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിക്കൂറുകൾക്കുള്ളിൽ 31 പേർ മരിച്ചുവെന്ന ദാരുണമായ വാർത്ത പുറത്തുവന്നു. ചിലർക്ക് കാഴ്ച നഷ്ടപ്പെട്ടു. 

വാറ്റ് കേന്ദ്രം നടത്തിയിരുന്ന ഹയറുന്നീസയെയും കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ വാറ്റ് കേന്ദ്രത്തിന് രാഷ്ട്രീയ പിന്തുണയുണ്ടെന്ന ഹയറുന്നീസയുടെ വെളിപ്പെടുത്തലോടെ സർക്കാരിനെ പിടിച്ചുകുലുക്കിയ വലിയ വിവാദമായി മാറി കല്ലുവാതുക്കൽ മദ്യദുരന്തം.

Post a Comment

Previous Post Next Post