NEWS UPDATE

6/recent/ticker-posts

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായംസിങ് യാദവ് അന്തരിച്ചു

ഗുരുഗ്രാം: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു. 82 വയസായിരുന്നു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയായിരുന്നു മരണം. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.[www.malabarflash.com]


മൂന്നുതവണ യുപി മുഖ്യമന്ത്രിയായിരുന്ന മുലായം സിങ് യാദവ് നിലവില്‍ മെയ്ന്‍പുരിയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. അസംഗഢില്‍ നിന്നും സംഭാലില്‍ നിന്നും അദ്ദേഹം പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്. അനുയായികള്‍ക്കിടയില്‍ 'നേതാജി' എന്ന വിളിപ്പേരുള്ള യാദവ്, ഇന്ത്യന്‍ രാഷ്ട്രീയ ഗോദയില്‍ ഗുസ്തിക്കാരന്റെ മെയ് വഴക്കത്തോടെയും സോഷ്യലിസ്റ്റ് ചിന്താഗതിയിലൂടെയും ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാവാണ്.

യുപി മുന്‍ മുഖ്യമന്ത്രിയും എസ്പി അദ്ധ്യക്ഷനുമായ അഖിലേഷ് യാദവ് ആണ് മകന്‍. മല്‍തി ദേവിയും സാധാന ഗുപ്തയുമായിരുന്നു ഭാര്യമാര്‍. മല്‍തി ദേവി 2003ലും സാധന ഗുപ്ത ഈ വര്‍ഷം ജൂലൈയിലുമാണ് അന്തരിച്ചത്. യുപിയിലെ ഇറ്റാവ ജില്ലയിലെ സായ്‌ഫെയ് ഗ്രാമത്തില്‍ സുഘര്‍ സിങ് യാദവിന്റെയും മൂര്‍ത്തി ദേവിയുടെയും മകനായി 1939 നവംബര്‍ 22നാണ് മുലായം ജനിച്ചത്.

കര്‍ഷക കുടുംബത്തില്‍ ജനിച്ച അദ്ദേഹം സ്‌കൂള്‍ പഠന കാലത്ത് തന്നെ ഗുസ്തിക്കാരന്‍ എന്ന നിലയില്‍ പേരെടുത്തിരുന്നു. രാഷ്ട്രീയത്തില്‍ താല്‍പര്യമുണ്ടായിരുന്ന അദ്ദേഹം റാം മനോഹര്‍ ലോഹ്യയുടെയും രാജ് നാരായണിന്റെയും ശിഷ്യനായി രാഷ്ട്രീയതട്ടകത്തിലെത്തി. 1967ല്‍ ആദ്യമായി യുപി നിയമസഭയിലെത്തി. 1977ലാണ് ആദ്യമായി മന്ത്രിയാകുന്നത്. 1989ല്‍ ആദ്യമായി യുപി മുഖ്യമന്ത്രിയായി.

ലോക്ദളിലെ കരുത്തനായ നേതാവായിരുന്നു. പിന്നീട് അഭിപ്രായ വ്യത്യസങ്ങളെ തുടര്‍ന്ന് ലോക്ദള്‍ ബിയ്ക്ക് രൂപം കൊടുത്തു. ലോകദള്‍ ബി അടക്കമുള്ള പാര്‍ട്ടികള്‍ ചേര്‍ന്നാണ് ജനതാദള്‍ രൂപംകൊണ്ടത്. 1992ല്‍ സമാജ്‌വാദി പാര്‍ട്ടി രൂപീകരിച്ചു. മായാവതിയുടെ ബിഎസ്പിയുമായി സഖ്യം ചേര്‍ന്നാണ് 1993ല്‍ മുഖ്യമന്ത്രിയായത്. മൂന്നാംവട്ടം മുഖ്യമന്ത്രിയായപ്പോള്‍ ലോക്‌സഭാംഗം കൂടിയായിരുന്നു അദ്ദേഹം. അത് രാജിവെച്ചാണ് പിന്നീട് നിയമസഭയിലേക്ക് മത്സരിച്ചത്. അതേവര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിച്ചു. ജയിച്ചെങ്കിലും രാജിവെച്ച് മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നു.

2007ല്‍ ബിഎസ്പി ഭരണം പിടിച്ചപ്പോള്‍ പ്രതിപക്ഷ നേതാവായി. ശ്വാസകോശ, കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആഗസ്റ്റ് 22നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില കൂടുതല്‍ വഷളായതിനെ തുര്‍ന്ന് ഈ മാസം രണ്ടിന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. മികച്ച ഡോക്ടര്‍മാരുടെ സംഘമായിരുന്നു അദ്ദേഹത്തെ നിരീക്ഷിച്ചിരുന്നത്.

Post a Comment

0 Comments