NEWS UPDATE

6/recent/ticker-posts

'പദവിക്കപ്പുറം ഒരു ഇഞ്ച് കടക്കാമെന്ന് കരുതരുത്'; ആ തോണ്ടലൊന്നും ഏശില്ലെന്ന് ഗവര്‍ണറോട് മുഖ്യമന്ത്രി

പാലക്കാട്: വൈസ് ചാന്‍സലര്‍ വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വീണ്ടും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ ഗവര്‍ണറുടെ ചുമതല നിര്‍വഹിച്ചാല്‍ മതി. ഗവര്‍ണര്‍ സ്ഥാനത്ത് ഇരിക്കുന്നതിന്റെ ഭാഗമായി അധികാരവും പദവിയുമുണ്ട്. അത് വച്ച് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സിഐടിയു പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.[www.malabarflash.com]


ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കിയിട്ടുള്ള അധികാരങ്ങളുണ്ട്. ആ അധികാരം സംസ്ഥാന സര്‍ക്കാര്‍ എന്താണോ ഉപദേശിക്കുന്നത് അത് അനുസരിച്ച് കാര്യങ്ങള്‍ ചെയ്യാനാണ്. ഗവര്‍ണര്‍ക്ക് വ്യക്തിപരമായി ഒരു കാര്യവും ചെയ്യാന്‍ സാധിക്കില്ല. അത്തരത്തില്‍ ഒന്നുമായിട്ട് പുറപ്പെടുകയും വേണ്ട. അങ്ങനെയൊരു പുറപ്പെടലും സമ്മതിക്കുന്ന നാട് അല്ല കേരളമെന്ന് മനസിലാക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നാടിന്റെ വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വികസനത്തിന് തടയിടാന്‍ ആര് വന്നാലും അത് ഗവര്‍ണര്‍ ആയാല്‍ പോലും നാട് അംഗീകരിക്കില്ല. അത്തരം ശ്രമങ്ങളെ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്: 
''നാടിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി വരുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ അല്ല സര്‍ക്കാര്‍. നാടിന്റെ താല്‍പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍. അത് നിറവേറ്റുമെന്നാണ് ഇടതുസര്‍ക്കാര്‍ ആദ്യത്തെ അഞ്ചുവര്‍ഷം തെളിയിച്ചത്. അപ്പോഴുണ്ടായ പുകില്‍ എല്ലാവരും കണ്ടതാണ്. പക്ഷെ ജനങ്ങള്‍ നിങ്ങള്‍ ചെയ്തതാണ് ശരിയെന്ന് പറഞ്ഞ് വീണ്ടും ഭരണത്തിലേറ്റി. ഇതാണ് കേരളത്തിലെ ജനവിധി. ഇത് നടപ്പാക്കാനാണ് സര്‍ക്കാര്‍. ഇതില്‍ അസൂയയും കുശുമ്പും ഉള്ളവരുണ്ടാകും. നാടും ജനങ്ങളും ഒന്നായി മുന്നേറണമെന്നാണ് ആഗ്രഹിക്കുന്നത്. ഈ ചുമതല നിറവേറ്റാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. ഇത് തുടര്‍ന്നും ചെയ്യും.''

''ഗവര്‍ണര്‍ സ്വീകരിച്ച നിലപാടിനെക്കുറിച്ച് കുറെ പറഞ്ഞ് കഴിഞ്ഞതാണ്. ഞാനതിന്റെ ആവര്‍ത്തനത്തിലേക്ക് പോകുന്നില്ല. പക്ഷെ അതിന് ശേഷം അദ്ദേഹം വീണ്ടും ചിലത് പറയുന്നത് കേട്ടു. എന്താണ് അദ്ദേഹത്തിന് സംഭവിച്ചിട്ടുള്ളതെന്ന് പിടികിട്ടുന്നില്ല. പല ആള്‍ക്കാരെയും നമ്മള്‍ സമൂഹത്തില്‍ കാണാറുണ്ട്. അതിലൊരു ഗണത്തില്‍ അദ്ദേഹം പെട്ടുപോകുന്നുണ്ടോയെന്ന് സംശയമുണ്ട്. അത് ഞാനോ സര്‍ക്കാരോ വിചാരിച്ചാല്‍ പരിഹരിക്കാന്‍ പറ്റില്ല. അതിന് നല്ല രീതിയില്‍ അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നാണ് എനിക്ക് സ്‌നേഹത്തോടെ അഭ്യര്‍ത്ഥിക്കാനുള്ളത്.''

''ഗവര്‍ണര്‍ ഗവര്‍ണറുടെ ചുമതല നിര്‍വഹിച്ചാല്‍ മതി കേട്ടോ. ചില തോണ്ടല്‍, കുത്തല്‍ ഒക്കെ കണ്ടു. അത് മനസിലാക്കണം. എന്തായിരുന്നു കാലമെന്ന്. എന്തോ വലിയ അപരാധമായിട്ട്, മാധ്യമങ്ങളെ സിന്‍ഡിക്കേറ്റ് എന്ന് വിളിച്ചില്ലേ എന്നാണ് ചോദിക്കുന്നത്. ആ കഥയിലേക്കൊന്നും പോകുന്നില്ല. എത്രയോ പറഞ്ഞതാണ്. പക്ഷെ ആ പരിപ്പൊന്നും ഇവിടെ വേവില്ല. ആരോട് ഇറങ്ങി പോകാന്‍ ആര് പറഞ്ഞെന്നാണ്. ആരെയാണ് നിങ്ങള്‍ ഉദേശിക്കുന്നത്. ഈ നാട്ടില്‍ അന്തസോടെ പറയാന്‍ കഴിയുന്ന കാര്യങ്ങള്‍ പറയുന്നവരാണ് ഞങ്ങള്‍. ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല. അതിന്റെ ആവശ്യമില്ല. അത് മനസിലാക്കണം. ഒന്നു തോണ്ടി കളയാമെന്ന് വച്ചാല്‍ ആ തോണ്ടലൊന്നും ഏശില്ല. എന്താണ് മനസിലാക്കുന്നത്. ഗവര്‍ണര്‍ എന്ന സ്ഥാനത്ത് ഇരിക്കുന്നതിന്റെ ഭാഗമായി അധികാരവും പദവിയുമുണ്ട്. അത് വച്ച് പ്രവര്‍ത്തിച്ചോണം. അതിന് അപ്പുറം ഒരു ഇഞ്ച് കടക്കാമെന്ന് കരുതരുത്. 

ഭരണഘടന നല്‍കിയിട്ടുള്ള അധികാരങ്ങളുണ്ട്. ആ അധികാരം സംസ്ഥാന സര്‍ക്കാര്‍ എന്താണോ നിങ്ങളെ ഉപദേശിക്കുന്നത് അത് അനുസരിച്ച് കാര്യങ്ങള്‍ ചെയ്യാനാണ്. നിങ്ങള്‍ക്ക് വ്യക്തിപരമായി ഒരു കാര്യവും ചെയ്യാന്‍ സാധിക്കില്ല. അത്തരത്തില്‍ ഒന്നുമായിട്ട് പുറപ്പെടുകയും വേണ്ട. അങ്ങനെയൊരു പുറപ്പെടലും സമ്മതിക്കുന്ന നാട് അല്ല കേരളമെന്ന് മനസിലാക്കണം.''''ഇത്തരത്തിലുള്ള പല കാര്യങ്ങളും വരും. നമുക്ക് അതൊന്നും ശ്രദ്ധിക്കേണ്ട കാര്യമില്ല. കാരണം നമുക്ക് നമ്മുടെ നാട് കൂടുതല്‍ പുരോഗതിയിലേക്ക് പോകണം. വികസനത്തിലേക്ക് കുതിക്കണം. ഇതാണ് ഇന്നത്തെ ആവശ്യം. അതുകൊണ്ട് അനാവശ്യകാര്യങ്ങള്‍ക്ക് പിന്നാലെ പോകാന്‍ നമുക്ക് നേരമില്ല. 

ഇവിടെ നിയമവ്യവസ്ഥയുണ്ട്. ജനാധിപത്യരീതികളുണ്ട്. നിയമങ്ങളും ചട്ടങ്ങളുമുണ്ട്. ഇതെല്ലാം അനുസരിച്ച് മാത്രമേ മുന്നോട്ട് പോകാന്‍ സാധിക്കൂ. അതെല്ലാം അനുസരിച്ച് മാത്രമേ ഗവര്‍ണര്‍ക്കും പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. നാടിന്റെ വികസനത്തിന് തടയിടാന്‍ ആര് വന്നാലും അത് ഗവര്‍ണര്‍ ആയാല്‍ പോലും ഈ നാട് അംഗീകരിക്കില്ല. അത്തരം ശ്രമങ്ങളെ ശക്തമായി നേരിടും.''

Post a Comment

0 Comments