Top News

തിരുവനന്തപുരം ലുലു മാളിനെതിരായ ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: തിരുവനന്തപുരം ലുലു മാള്‍ നിര്‍മ്മാണം തീരദേശ പരിപാലന നിയമം ലംഘിച്ചാണെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. വിവിധ ഘട്ടങ്ങളില്‍ നടന്ന പരിശോധനകള്‍ക്ക് ശേഷമുള്ള അനുമതികള്‍ മാളിനുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.[www.malabarflash.com]

പൊതുതാത്പര്യ ഹര്‍ജി വ്യവസായം അംഗീകരിയ്ക്കില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് എന്‍വി രമണ വ്യക്തമാക്കി. മാളിന് ക്രമവിരുദ്ധമായാണ് അനുമതി നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി എംകെ സലീം എന്നയാള്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. സലീം നല്‍കിയ ഹര്‍ജി നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു.

കോടതി വിധിയെ സ്വാഗതം ചെയ്ത് ലുലു ഗ്രൂപ്പ് ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍ രംഗത്തെത്തി. സുപ്രീംകോടതി ഉത്തരവില്‍ സന്തോഷമുണ്ടെന്ന് നന്ദകുമാര്‍ പറഞ്ഞു. ''ലുലു ഗ്രൂപ്പിന് നേരെ കേരളത്തില്‍ മാത്രമാണ് ഇത്തരം പരാതികള്‍ ഉയര്‍ന്നത്. ലുലു ഗ്രൂപ്പിന്റെ സല്‍പ്പേര് കളങ്കപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് കോടതി ഉത്തരവ്. 

കേരളത്തില്‍ നിയമാനുസൃത നിക്ഷേപങ്ങള്‍ക്ക് ഒരുങ്ങുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന സന്ദേശം കൂടിയാണ് കോടതി വിധി. പരാതികള്‍ നല്‍കുന്നവരുടെ ലക്ഷ്യം പണവും പ്രശസ്തിയും മാത്രമാണ്.'' സോഷ്യല്‍മീഡിയയിലൂടെ തെറ്റായ പ്രചാരണങ്ങള്‍ നടത്തി ലുലു ഗ്രൂപ്പിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ വിലപ്പോവില്ലെന്നും നന്ദകുമാര്‍ പറഞ്ഞു.

Post a Comment

Previous Post Next Post