NEWS UPDATE

6/recent/ticker-posts

കിഫ്ബി സാമ്പത്തിക ഇടപാട്: തോമസ് ഐസക്കിന് വീണ്ടും ഇ.ഡിയുടെ നോട്ടീസ്‌

കൊച്ചി: കിഫ്ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തോമസ് ഐസക്കിന് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഓഗസ്റ്റ് 11 ന് ഇ.ഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.[www.malabarflash.com]

നേരത്തെ ജൂലായ് 19- ന് ഹാജരാകാനാവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇഎംഎസ് പഠനകേന്ദ്രത്തില്‍ ക്ലാസെടുക്കാനുണ്ട് എന്ന കാരണം ചൂണ്ടിക്കാട്ടി അദ്ദേഹം ചോദ്യംചെയ്യലിന് ഹാജരായിരുന്നില്ല.

കഴിഞ്ഞ ഇടതുസര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക് കിഫ്ബിയുടെ വൈസ് ചെയര്‍മാന്‍ എന്ന നിലയിലാണ് ചോദ്യം ചെയ്യാന്‍ വിളിക്കപ്പെട്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമനാണ് കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകള്‍ നിയമവിരുദ്ധമാണെന്ന് ആരോപിച്ചത്. ആ ആരോപണത്തെ രാഷ്ട്രീയമായി നേരിടാനാണ് തോമസ് ഐസക്കും സിപിഎമ്മും തയ്യാറെടുത്തത്. 

സംസ്ഥാനത്തിന്റെ വികസനത്തെ തടസപ്പെടുത്താനുള്ള നടപടിയുടെ ഭാഗമായി ഇടതുസര്‍ക്കാരിനെ ആരോപണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താനാണ് കേന്ദ്രഏജന്‍സിയായ ഇഡിയെ ഉപയോഗിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതെന്ന് തോമസ് ഐസക്കും സിപിഎമ്മും ആരോപിച്ചിരുന്നു.

ഇ.ഡിയില്‍ നിന്ന് ആദ്യനോട്ടീസ് ലഭിച്ചപ്പോഴും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അന്വേഷണവുമായി ഇ.ഡി. മുന്നോട്ടുപോകുമെന്ന് വ്യക്തമായ സ്ഥിതിയ്ക്ക് തോമസ് ഐസക്കിന് ഹാജരാകേണ്ടി വരുമെന്നാണ് സൂചന.

Post a Comment

0 Comments