NEWS UPDATE

6/recent/ticker-posts

താർപോളിൻ മേൽക്കൂരയിട്ട അടച്ചുറപ്പില്ലാത്ത കുടിലിൽ പ്രായപൂർത്തിയായ രണ്ട് പെൺമക്കളോടൊപ്പം ഒരു കുടുംബം 'ജീവിച്ചത്' 20 വർഷം; ഉത്തമന്റെ കുടുംബത്തിന് സാന്ത്വനമായി പാലക്കുന്ന് കഴകം മാതൃസമിതി

പാലക്കുന്ന്: സ്വന്തമായി ഒരു സെന്റ് ഭൂമിപോലുമില്ല ഉത്തമന്റെയും ഭാര്യ ചിത്രയുടെയും പേരിൽ. നന്മ നിറഞ്ഞ മനസ്സുള്ള അന്യനായ ഒരാൾ സമ്മതം മൂളി നൽകിയ സ്ഥലത്ത് ഈ ദമ്പതികളും പ്രായപൂർത്തിയായ രണ്ട് പെൺമക്കളും, താർപ്പോളിൻ മേൽക്കൂരയിട്ട് അടച്ചുറപ്പില്ലാത്ത കുടിലിൽ 'താമസം' തുടങ്ങിയിട്ട് 20 വർഷമായി.[www.malabarflash.com] 

സർക്കാറുകളുടെ ഒരു ഭവന പദ്ധതിയും ഇക്കാലമത്രയും ഇവർക്ക് തുണയായില്ല. ഒറ്റമുറി കുടിലിൽ നാല് മനുഷ്യജീവനുകൾ ജീവിച്ചുപോരുന്നത് മനുഷ്യ മനസുള്ള ആരുടെയും കണ്ണ് നനയ്ക്കും. നിലത്ത് പായവിരിച്ചാണ് കിടത്തം. ഇഴജന്തുക്കൾ യഥേഷ്ടമുള്ള ഇടം. വിധി സമ്മാനിച്ച ദാരിദ്ര്യവും ദുഃഖവും മഴക്കാല ദുരിതങ്ങളൊക്കെയും ജീവിതത്തിന്റെ ഭാഗമാക്കി ഇത്രയും വർഷം നരകതുല്യ ജീവിതവുമായി പൊരുത്തപ്പെട്ടപോലെയാണ് ഈ നിർധന കുടുംബം.

ഈ കൂരയ്‌ക്ക് തൊട്ട് വെളിയിൽ പഴംതുണി മറയാക്കിയാണ്‌ സൂര്യനുദിക്കും മുൻപേ ഇവരുടെ കുളി. 

അജാനൂർ പഞ്ചായത്തിൽ ചേറ്റുകുണ്ട് ചിത്താരി കടപ്പുറത്തെ രോഗിയായ ഉത്തമന്റെയും കുടുംബത്തിന്റെയും കരളലിയിപ്പിക്കുന്ന ഈ കദനകഥകൾ, പക്ഷേ നാളിതു വരെ പുറംലോകം അറിഞ്ഞതുമില്ല. ചുറ്റുവട്ടത്തുള്ള സമീപവാസികളുടെ സാന്ത്വനവും പരിരക്ഷയും നൽകിയ ധൈര്യത്തിൽ ഇത്രയും നാൾ ആ കൂരയിൽ അവർ കഴിഞ്ഞു കൂടി.

ഗൃഹനാഥനായ ഉത്തമൻ ഹൃദയസംബന്ധമായ രോഗം ബാധിച്ച് ഏറെ നാളായി ചികിത്സയിലാണ്. ചികിത്സയ്ക്കും മരുന്നിനും തന്നെ വേണം നല്ലൊരു തുക. കൂലിപ്പണി എടുക്കാൻ പോലും വയ്യാത്ത ശാരീരിക അവസ്ഥ. പ്ലസ് 2 പാസ്സായി ഫാഷൻ ഡിസൈനിംഗ് കോഴ്സും പൂർത്തിയാക്കി ജോലിക്കായി കാത്തിരിക്കുകയാണ്‌ മൂത്തമകൾ. ഇളയവൾ പ്ലസ് 2 വിന് ശേഷം തുടർപഠനത്തിന് വഴിയില്ലാതെ കാഞ്ഞങ്ങാട് തുണിക്കടയിൽ ജോലി ചെയ്യുന്നു. ഇവരുടെ അമ്മയുടെ ആരോഗ്യ സ്ഥിതിയും തൃപ്തികരമല്ലെങ്കിലും തൊഴിലുറപ്പിനും കൂലിപ്പണിക്കും പോകുന്നത് നിവൃത്തികേട് കൊണ്ട് മാത്രം.

ദൈവ നിയോഗം പോലെ മാതൃസമിതി
പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഉപസമിതിയായ കേന്ദ്ര മാതൃസമിതിയുടെ പത്താം വാർഷികത്തിന്റെ ഭാഗമായി കഴക പരിധിയിൽ മൂന്ന് സെന്റ് ഭൂമിയെങ്കിലുമുള്ള അർഹരായ കുടുംബത്തെ കണ്ടെത്തി വീട് പണിത് നൽകാൻ ആ കൂട്ടായ്‌മ ഒരു തീരുമാനം കൈകൊണ്ടു. ക്ഷേത്ര ഭരണസമിതിയുടെ കേന്ദ്ര കമ്മിറ്റിയോഗം അതിന് അംഗീകാരവും നൽകി. അർഹരായവരുടെ പട്ടിക തയ്യാറാക്കാൻ കഴക പരിധിയിലെ ചെമ്മനാട്, ഉദുമ, പള്ളിക്കര, അജാനൂർ(ഭാഗികം) പഞ്ചായത്തുകളിലെ 32 പ്രാദേശിക സമിതികളിലേക്ക് വിവരം കൈമാറി.

മൊത്തം 16 അപേക്ഷകൾ പ്രാദേശിക സമിതികളിൽ നിന്ന് കിട്ടി.അതിൽ നിന്ന് അർഹരായവരെ കണ്ടെത്താനുള്ള ശ്രമകരമായ ദൗത്യം ആചാരസ്ഥാനികരടക്കം 17 അംഗ സ്ക്രീനിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. മേൽ വിവരിച്ച ചേറ്റുകുണ്ട് പ്രാദേശിക സമിതിയുടെ പരിധിയിൽ പെടുന്ന ഉത്തമന്റെ കുടുംബത്തിന്റെ പേരാണ് സ്‌ക്രീനിംഗ് കമ്മിറ്റി പ്രഥമ സ്ഥാനത്ത്‌ നിർദേശിച്ചത്. 

സ്വന്തമായി മൂന്ന് സെന്റ് ഭൂമിയെങ്കിലും വേണമെന്ന നിബന്ധന മറികടക്കാൻ ചേറ്റുകുണ്ട് പ്രാദേശിക സമിതി മുന്നിട്ടിറങ്ങി നാല് സെന്റ് സ്ഥലം ഉത്തമന്റെ പേരിൽ വാങ്ങിച്ചു നൽകിയത് തുടർ നടപടികൾ എളുപ്പമാക്കി. 

 ചെമ്മനാട് പഞ്ചായത്തിൽ പള്ളിപ്പുറം കൂവത്തൊട്ടി പ്രാദേശിക പരിധിയിൽ കണ്ണോത്ത്‌ തലക്ലായി മച്ചിനടുക്കത്ത്‌ സ്വന്തമായി വീടില്ലാത്ത ഭർത്താവ് മരിച്ച രോഹിണിയും വിദ്യാർഥികളായ രണ്ടു മക്കളും ഉൾപ്പെടുന്ന കുടുംബത്തിനും ഇതോടൊപ്പം വീട് പണിതു നൽകാനുള്ള നിർദേശം ഞായറാഴ്ച ചേർന്ന കേന്ദ്ര സമിതി യോഗം അംഗീകരിച്ചുവെന്ന് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരനും സെക്രട്ടറി പി.പി.ചന്ദ്രശേഖരനും പറഞ്ഞു. 

സെപ്റ്റംബർ ഒന്നിന് ഉത്തമന്റെ കുടുംബത്തിനുള്ള വീടിന്റെ കുറ്റിയടിയ്ക്കൽ ചടങ്ങ് നടക്കുമെന്നും ഏറെ വൈകാതെ വീടിന്റെ നിർമാണ ജോലികൾ പൂർത്തിയാക്കാനാവുമെന്നും മാതൃസമിതി പ്രസിഡന്റ് മിനി ഭാസ്കരനും സെക്രട്ടറി വീണാ കുമാരനും പറഞ്ഞു.

Post a Comment

0 Comments