Top News

'ഓപ്പറേഷന്‍ ക്ലീന്‍ കാസറകോട് '; 10 കോടി രൂപ വിലവരുന്ന തിമിംഗല വിസര്‍ജ്യവുമായി മൂന്ന് പേര്‍ പിടിയില്‍

കാഞ്ഞങ്ങാട്: 10 കോടി രൂപ വിലവരുന്ന തിമിംഗല വിസര്‍ജ്യവുമായി മൂന്ന് പേര്‍ പിടിയില്‍. കാഞ്ഞങ്ങാട് ഗ്രീന്‍ലാന്റ് ടൂറിസ്റ്റ് ഹോമില്‍ നടത്തിയ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്. ടാക്‌സി ഡ്രൈവറായ കൊവ്വല്‍പള്ളി കോടോത്തുവളപ്പില്‍ കെ വി നിഷാന്ത്, പെയിന്റിങ് തൊഴിലാളിയായ മുറിയനാവി മാടമ്പില്ലത്ത് സിദ്ദിഖ്, കൊട്ടോടി മാവില്‍ ഹൗസില്‍ പി ദിവാകരന്‍ എന്നിവരെയാണ് ഡിസിആര്‍ബി ഡിവൈഎസ്പി പി അബ്ദുള്‍ റഹീമും സംഘവും പിടികൂടിയത്.[www.malabarflash.com]


രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു മാസമായി ഇവര്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കര്‍ണാടകത്തില്‍ നിന്നാണ് നിഷാന്ത് ആംബര്‍ഗ്രീസ്(തിമിംഗലത്തിന്റെ വിസര്‍ജ്യം) എത്തിച്ചത്. ഏജന്റായ ദിവാകരന്‍ അടുത്ത ദിവസം പണവുമായി ആളെ എത്തിക്കാനായിരുന്നു നീക്കം. 

ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷന്‍ ക്ലീന്‍ കാസറകോടിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.

എണ്ണത്തിമിംഗലത്തില്‍ നിന്ന് ലഭിക്കുന്ന വിസര്‍ജ്യമാണ് ആംബര്‍ഗ്രീസ്. തിമിംഗലത്തിന്റെ കുടലില്‍ തടസ്സവും അസ്വസ്ഥതയും ഉണ്ടാകുമ്പോള്‍ വിസര്‍ജിക്കുന്നതാണിത്. സുഗന്ധദ്രവ്യ നിര്‍മ്മാണത്തിനും ഔഷധക്കൂട്ടായും ഇത് ഉപയോഗിക്കും. സുഗന്ധദ്രവ്യത്തില്‍ കൂടുതല്‍ നേരം സുഗന്ധം നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രകൃതിദത്ത പശ എന്ന രീതിയിലാണ് ആംബര്‍ഗ്രീസ് ഉപയോഗിക്കുന്നത്.

Post a Comment

Previous Post Next Post