NEWS UPDATE

6/recent/ticker-posts

'വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ് സിക്ക് വിടില്ല, നിയമഭേദഗതി കൊണ്ടുവരും': മുഖ്യമന്ത്രി

തിരുവനന്തപുരം: വഖ്ഫ് നിയമനം പി എസ് സിക്ക് വിട്ട നടപടി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. മുസ്ലിം സംഘടനകളുടെ പൊതുവായ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍, വഖ്ഫ് വിഷയത്തില്‍ നിയമ ഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.[www.malabarflash.com] 

പി കെ കുഞ്ഞാലിക്കുട്ടി ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നിയമനത്തിന് പുതിയ സംവിധാനം കൊണ്ടുവരുമെന്നും മുസ്ലിം സംഘടനകളുടെ ആശങ്ക അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വീടാനുള്ള തീരുമാനം എടുത്തപ്പോള്‍ നിയമസഭയില്‍ ആരും എതിര്‍ത്തിരുന്നില്ല. സബ്ജക്ട് കമ്മിറ്റിക്ക് വീട്ടപ്പോഴും മുസ്ലിം ലീഗ് അടക്കമുള്ള കക്ഷികള്‍ എതിര്‍ത്തില്ല. അന്ന് ലീഗ് ഉന്നയിച്ചത് നിലവിലെ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമോ എന്ന ആശങ്ക മാത്രമാണ്. എന്നാല്‍ ഏറെ കഴിഞ്ഞ് ലീഗ് പ്രതിഷേധവുമായി രംഗത്തെത്തി.

എന്നാല്‍ ഈ വിഷയത്തില്‍ മുസ്ലിം സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചു. അവരുടെ ആശങ്ക താനുമായുള്ള ചര്‍ച്ചയില്‍ അവര്‍ ഉന്നയിച്ചു. ഈ യോഗത്തിലുണ്ടായ തീരുമാനം തത്വത്തില്‍ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വഖ്ഫ് നിയമനത്തിനായി പുതിയ മാര്‍ഗം രൂപവത്ക്കരിക്കുന്നത്. മുസ്ലിം സംഘടനാ നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.



Post a Comment

0 Comments