NEWS UPDATE

6/recent/ticker-posts

'പത്രപ്രവര്‍ത്തകനെ മദ്യപിച്ച് തെമ്മാടിത്തരത്തില്‍ കൊലപ്പെടുത്തിയവനെ ആറ് മാസത്തിനപ്പുറം പുറത്ത് നിര്‍ത്താന്‍ പിണറായിയുടെ കൃപ സമ്മതിച്ചില്ല'; മറ്റു പലതിലെന്നപോലെ മിണ്ടാപ്രാണിക്കളി തുടരുകയാണ് മുഖ്യമന്ത്രിയെന്ന് വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍

മലപ്പുറം: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി തീരുമാനിച്ചതില്‍ സര്‍ക്കാരിനെതിരെ കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ ഉപാദ്ധ്യക്ഷന്‍ വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍.[www.malabarflah.com]

ദയാദാക്ഷിണ്യമുളളവരെല്ലാം ഈ ഹീനശ്രമത്തെ ശക്തമായി എതിര്‍ത്തിട്ടും മറ്റു പലതിലെന്നപോലെ മിണ്ടാപ്രാണിക്കളി തുടരുകയാണ് മുഖ്യമന്ത്രിയെന്ന് അദ്ദേഹം ആരോപിച്ചു. പിണറായി ഗവണ്‍മെന്റിന്റെ രണ്ടാം വരവ് എല്ലാ കണക്ക് കൂട്ടലുകളും പ്രതീക്ഷകളും തകിടം മറിക്കുകയാണ്. വികസന തുടര്‍ച്ചക്ക് തുടര്‍ ഭരണം തുണയാകുമെന്ന ധാരണ തിരുത്തേണ്ടിവരുമെന്ന് കൂടുതല്‍ ഉറപ്പാവുകയാണ്. വിവാദങ്ങള്‍ സൃഷ്ടിച്ച് ജനശ്രദ്ധ മറ്റേതോ വഴിക്ക് തിരിച്ചു വിടുകയാണ് ഗവണ്‍മെന്റ്. ആകാശ കൊലപാതകശ്രമ പ്രതിരോധവും അറസ്റ്റ് നാടകങ്ങളും 'വിധി, വിധവ' പ്രയോഗങ്ങളും ഓലപ്പടക്ക ബോംബുമെല്ലാം സദുദ്ധേശ്യത്തോടെയല്ലന്ന് ഏതാണ്ടുറപ്പാവുകയാണെന്ന് ഹസന്‍ മുസ്‌ലിയാര്‍ പറഞ്ഞു.

ഇരയോടല്ല, മറിച്ച് പിണറായി ഗവണ്‍മെന്റിന് പ്രതിബദ്ധത വേട്ടക്കാരനോടാണ്. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിക്കാനുള്ള തിടുക്കം ഇതിന്റെ തെളിവാണ്. സംസ്ഥാനത്തെ തലമുതിര്‍ന്ന പത്രപ്രവര്‍ത്തകനായിരുന്ന കെ എം ബഷീറിനെ മദ്യപിച്ച് കാറിടിച്ച് കൊന്ന കേസില്‍ പ്രതിയാണ് വെങ്കിട്ടരാമന്‍. 

എഴുത്തുകാരനും ഗവേഷകനും മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ മെഡല്‍ ജേതാവുമായിരുന്ന ജേക്കബ് തോമസ് ഐ എ എസിനെ പിണ്ഡം വെച്ച് പടിയടച്ച മുഖ്യനാണ് ശ്രീ പിണറായി. മനുഷ്യനെ കൊന്നതിനല്ല, മറിച്ച് ഓഖി ദുരന്ത കാലത്ത് സര്‍ക്കാറിന്റെ പിടിപ്പുകേട് ചൂണ്ടികാട്ടിയതിനായിരുന്നു ജേക്കബ് തോമസിന്റെ ആദ്യ സസ്‌പെന്റ്. രണ്ടാമത്തേത് 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' എന്ന ആത്മകഥയുടെ പേരിലും. രണ്ട് വര്‍ഷ കാലത്തെ നിയമ പോരാട്ടത്തിന് ശേഷം സര്‍വ്വീസില്‍ തിരിച്ചെത്തിയ ജേക്കബ് തോമസിനെ താരതമ്യേനെ താഴ്ന്ന പോസ്റ്റില്‍ തിരുകി അവഗണിക്കാനും ഗവണ്‍മെന്റ് തയ്യാറായെന്നും ഹസന്‍ മുസ്‌ലിയാര്‍ പറഞ്ഞു.

ഒരു പാവം പത്രപ്രവര്‍ത്തകനെ മദ്യപിച്ച് തെമ്മാടിത്തരത്തില്‍ കൊലപ്പെടുത്തിയവനെ ആറ് മാസത്തിനപ്പുറം പുറത്ത് നിര്‍ത്താന്‍ പിണറായിയുടെ കൃപ സമ്മതിച്ചില്ല. ആരോഗ്യ രംഗത്തെ ഉയര്‍ന്ന പദവിയിലൂടെ പിടിച്ചുയര്‍ത്തിയ ടിയാനെ ജില്ലാ കലക്ടറാക്കിയിരിക്കുകയാണിപ്പോള്‍. ദയാദാക്ഷിണ്യമുളളവരെല്ലാം ഈ ഹീനശ്രമത്തെ ശക്തമായി എതിര്‍ത്തിട്ടും മറ്റു പലതിലെന്നപോലെ മിണ്ടാപ്രാണിക്കളി തുടരുകയാണ് മുഖ്യമന്ത്രിയെന്നും ഹസന്‍ മുസ്‌ലിയാര്‍ ആരോപിച്ചു.


Post a Comment

0 Comments