NEWS UPDATE

6/recent/ticker-posts

മങ്കിപോക്സ്: കണ്ണൂരിൽ ഒരാളെ നിരീക്ഷണത്തി‌ലാക്കി; സംസ്ഥാനത്തെ എയർപോർട്ടുകളിൽ ഹെൽപ് ഡെസ്‌ക്

കണ്ണൂർ/തിരുവനന്തപുരം: മങ്കിപോക്സ് രോഗലക്ഷണങ്ങളെ തുടർന്ന് കണ്ണൂരിൽ ഒരാളെ നിരീക്ഷണത്തി‌ലാക്കി. വിദേശത്തുനിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയ ഇയാളുടെ പരിശോധനാ ഫലം മൂന്ന് ദിവസത്തിനുള്ളിൽ ലഭ്യമാകും. വിദേശത്തുനിന്ന് മങ്കിപോക്സ് ലക്ഷണങ്ങളോടെ ആളുകൾ എത്തുന്നുണ്ടോ എന്നു പരിശോധിക്കുന്നതിനായി വിപുലമായ പരിശോധന സംവിധാനങ്ങളും ആരോ​ഗ്യവകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽ പ്രത്യേക കൗണ്ടർ സജ്ജീകരിച്ചാണ് പരിശോധന.[www.malabarflash.com]


പ്രത്യേക സുരക്ഷാമുൻകരുതലുകൾ പാലിക്കണമെന്ന് വിമാനത്താവള ജീവനക്കാർക്കും നിർദേശം നൽകിയിട്ടുണ്ട്. സ്ഥിതി വിലയിരുത്താൻ കേരളത്തിലെത്തിയ കേന്ദ്രസംഘം രോഗബാധിതന്റെ സ്വദേശമായ കൊല്ലത്ത് സന്ദർശനം നടത്തും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോ​ഗിയുടെ ആരോ​ഗ്യനില തൃപ്തികരമാണ്.

അതിനിടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട്, കണ്ണൂർ അന്താരാഷ്ട്ര എയർപോർട്ടുകളിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു. വിദേശത്ത് നിന്ന് വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്താനും അവർക്ക് വിദഗ്ധ പരിചരണം ഉറപ്പാക്കുന്നതിനുമാണ് ഹെൽപ് ഡെസ്‌ക് ആരംഭിച്ചിരിക്കുന്നത്. ജില്ലകളിൽ ഐസൊലേഷൻ സംവിധാനങ്ങൾ സജ്ജമാക്കിയതായും മന്ത്രി വ്യക്തമാക്കി.

ഇതുകൂടാതെ എയർപോർട്ടുകളിൽ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള അനൗൺസ്‌മെന്റും നടത്തും. കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ മങ്കിപോക്‌സ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുള്ളവർ പനിയോടൊപ്പം ശരീരത്തിൽ തടിപ്പുകൾ, അല്ലെങ്കിൽ കുമിളകൾ, തലവേദന, ശരീരവേദന, പേശി വേദന, തൊണ്ട വേദന, ഭക്ഷണം ഇറക്കുവാൻ പ്രയാസം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ എയർപോർട്ട് ഹെൽപ് ഡെസ്‌കിനെ സമീപിക്കണമെന്നും നിർദേശമുണ്ട്.

രോഗലക്ഷണങ്ങളുള്ളവർ വീട്ടിൽ 21 ദിവസം വായുസഞ്ചാരമുള്ള മുറിയിൽ കഴിയണം. ഈ കാലയളവിൽ വീട്ടിലെ ഗർഭിണികളുമായോ കുട്ടികളുമായോ പ്രതിരോധശേഷി കുറഞ്ഞവരുമായോ അടുത്തിടപഴകരുതെന്നും നിർദേശമുണ്ട്. ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ഉടൻതന്നെ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളിൽ വിളിക്കണം.

Post a Comment

0 Comments