NEWS UPDATE

6/recent/ticker-posts

ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥിയെ കാണാതായി, കണ്ടെത്തിയത് വഴിയരികിലെ വീടിന്‍റെ ടെറസിൽ ഉറങ്ങുന്ന നിലയിൽ

അങ്കമാലി: കൊടുങ്ങല്ലൂരിൽ നിന്ന് കാണാതായ 10-ാം ക്ലാസ് വിദ്യാർഥിയെ ചെങ്ങമനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ അയിരൂർ ഭാഗത്ത് റോഡരികിലെ വീടിന്റെ ടെറസിൽ ഉറങ്ങുന്ന നിലയിൽ കണ്ടെത്തി. കൊടുങ്ങല്ലൂർ സ്വദേശിയായ വിദ്യാർഥിയെ ശനിയാഴ്ച പുലർച്ചെ 2.45ഓടെ കുന്നുകര പഞ്ചായത്തിലെ അയിരൂർ ക്രൈസ്തവ ചർച്ചിന് സമീപമുള്ള വീടിന് മുകളിൽ നിന്ന് കണ്ടെത്തിയത്.[www.malabarflash.com]


വെള്ളിയാഴ്ച വൈകിട്ട് ആറിന് ശേഷം വീടിനടുത്തുള്ള ട്യൂഷൻ സെൻററിൽ നിന്ന് സൈക്കിളിൽ കൊടുങ്ങല്ലൂർ ആനാപ്പുറത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയ ശേഷം മടങ്ങുമ്പോൾ വഴിതെറ്റി നെടുമ്പാശ്ശേരി വിമാനത്താവള റോഡിലൂടെ സഞ്ചരിക്കുകയായിരുന്നുവത്രെ. ആരോടും വഴി ചോദിക്കുകയോ ദിശ അറിയുകയോ ചെയ്യാതെ അലക്ഷ്യമായി സൈക്കിൾ ചവിട്ടി അവശനായ ശേഷം സൈക്കിൾ വഴിയരികിൽവെച്ച ശേഷം വീടിന്റെ ഗോവണി കയറി ടെറസിൽ കയറി കിടക്കുകയായിരുന്നു. ക്ഷീണം കൊണ്ട് ഉറങ്ങിപ്പോവുകയും ചെയ്തു. ഈ സമയമാണ് കുട്ടിയെ കാണാതായ വിവരം അറിഞ്ഞ് രക്ഷിതാവ് പോലീസിൽ പരാതി നൽകിയത്.

അതോടെ, പോലീസും ബന്ധുക്കളും നാട്ടുകാരും സഹപാഠികളും ചേർന്ന് കുട്ടിയെ കണ്ടെത്താൻ സാമൂഹിക മാധ്യമങ്ങളിലടക്കം പല മാർഗങ്ങളും തേടുകയായിരുന്നു. കൊടുങ്ങല്ലൂർ പോലീസും ബന്ധുക്കളും നാട്ടുകാരുടെ സഹായത്തോടെ ആനാപ്പുറം മുതൽ സി.സി.ടി.വി ദൃശ്യങ്ങളിലൂടെ തിരച്ചിൽ നടത്തി വരുന്നതിനിടെയാണ് പുലർച്ചയോടെ വഴിയരികിൽ വിദ്യാർഥിയുടെ സൈക്കിൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. 

അതോടെ സമീപത്തെ വീട്ടുടമയെ വിളിച്ചുണർത്തി ടെറസിലെത്തി നോക്കിയപ്പോഴാണ് ഉറങ്ങിക്കിടക്കുകയായിരുന്ന വിദ്യാർഥിയെ കണ്ടെത്തിയത്. അതോടെ ചെങ്ങമനാട് പോലീസും സ്ഥലത്തെത്തി. പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർഥി ആരോടും കൂടുതൽ അടുപ്പം കാട്ടാത്ത സൗമ്യ ശീലക്കാരനാണ്.

വഴി ചോദിക്കാനുള്ള ആർജവമോ മനോധൈര്യമോ ഇല്ലാതെ പോയതാണ് വഴിതെറ്റി അലക്ഷ്യമായി സഞ്ചരിക്കാൻ ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു. മഴ പെയ്യാതിരുന്നതും തുണയായി. വീട്ടുകാരെ വിളിച്ചു വരുത്തി പുലർച്ചയോടെ പോലീസ് കുട്ടിയെ കൈമാറുകയും ചെയ്തു. അതിന് ശേഷം മഴ കനക്കുകയുമായിരുന്നു. 

കുട്ടിയെ കണ്ടെത്തി വീട്ടുകാർക്ക് കൈമാറിയ ശേഷവും സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായും അതിനെതിരെ നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Post a Comment

0 Comments