Top News

മലപ്പുറം കോളേജില്‍ ലക്ഷങ്ങളുടെ മോഷണം; എസ്എഫ്‌ഐ, കെഎസ്‌യു നേതാക്കള്‍ അറസ്റ്റില്‍

മലപ്പുറം: ഗവണ്‍മെന്റ് കോളേജില്‍ ലക്ഷങ്ങളുടെ മോഷണം നടത്തിയ എസ്എഫ്‌ഐ, കെഎസ്‌യു നേതാക്കള്‍ പിടിയില്‍. എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി വിക്ടര്‍ ജോണ്‍സണ്‍, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അഭിഷേക്, ആദര്‍ശ്, കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ആത്തിഫ്, ജിബിന്‍, ഷാലിന്‍, നിരഞ്ജന്‍ലാല്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇലക്ട്രിക് ഉപകരണങ്ങളായിരുന്നു മോഷണം പോയത്. മൂന്നു ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നായി 11 ഇന്‍വര്‍ട്ടര്‍ ബാറ്ററികളും 2 പ്രൊജക്ടറുകളും മോഷണം പോയിരുന്നു. ഇസ്ലാമിക് ഹിസ്റ്ററി, ഉറുദു, കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റുകളിലായിരുന്നു മോഷണം.

മോഷണം പോയ 11 ബാറ്ററികളില്‍ ആറെണ്ണം നിലവില്‍ പ്രവര്‍ത്തിക്കുന്നവയാണ്. അഞ്ചെണ്ണം ഉപയോഗശൂന്യമായവയാണ്. പ്രോജക്ടറുകളില്‍ ഒന്ന് കെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റിലേതായിരുന്നു. 

തിങ്കളാഴ്ചയാണ് മോഷണം കോളേജ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മലപ്പുറം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മോഷ്ടിച്ച വസ്തുക്കള്‍ വ്യത്യസ്ത കടകളില്‍ കൊണ്ടുപോയി വിറ്റതായി പ്രതികള്‍ പോലീസിനോട് പറഞ്ഞു.

Post a Comment

Previous Post Next Post