NEWS UPDATE

6/recent/ticker-posts

ചട്ടഞ്ചാൽ-കളനാട് റോഡിൽ മീത്തൽമാങ്ങാട്‌ വീണ്ടും മരം കടപുഴകി വീണു; തലനാരിഴക്ക് വൻ അപകടം ഒഴിവായി

ഉദുമ: ചട്ടഞ്ചാൽ-കളനാട് ബൈപ്പാസ് റോഡിൽ  മീത്തൽമാങ്ങാട്  വൻമരം റോഡിലേക്ക് കടപുഴകി വീണു. നാട്ടുകാരുടെ യഥാ സമയ ഇടപെടലിലൂടെ തലനാരിഴക്ക് വൻ അപകടം ഒഴിവായി.[www.malabarflash.com]

ഉടൻ  രക്ഷാപ്രവർത്തനിത്തിനിറങ്ങിയ നാട്ടുകാർ  ആടിയത്ത് പൊയിനാച്ചി റോഡ് വഴിയും, അണിഞ്ഞ കൂളിക്കുന്ന് റോഡ് വഴിയും  ബദൽ യാത്രാ സംവിധാനം ഒരുക്കി  ഒരു മണിക്കൂർ സമയത്തിനകം മരം  മുറിച്ച് മാറ്റി റോഡ് ഗതാഗതം പൂർവ്വ സ്ഥിതിയിലാക്കി.

നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന ചട്ടഞ്ചാൽ-കളനാട്  റോഡിലേക്ക്‌ അപകടാവസ്ഥയിൽ നിൽക്കുന്ന നിരവധി മരങ്ങളുണ്ട്. ഓവുചാലുകളില്ലാത്തതും , നടപ്പാതയില്ലാത്തതുമായ റോഡിൽ മണ്ണൊലിപ്പിൽ അപകടാവസ്ഥയിലായ  മരങ്ങളുടെ   ഭീഷണിയും യാത്രക്കാരുടെ ജീവന് ഭീഷണിയാണ്. പരാതികൾ അധികൃതരെ നിരവധി തവണ അറിയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ  നടപടിയുണ്ടായില്ല.

മീത്തൽമാങ്ങാട് റോഡിലൂടെ വെള്ളം ശക്തിയായി  ഒഴുകുന്നത് വിദ്യാർത്ഥികൾക്കും ,കാൽനടയാത്രക്കാർക്കും വൻ ദുരിതമാണൊരുക്കുന്നത്. കൽവർട്ട്‌ സ്ഥാപിക്കണമെന്ന ആവശ്യം കഴിഞ്ഞ എസ്റ്റിമേറ്റിൽ  സ്ഥലം മാറ്റി വിവാദമായിരുന്നു.

 മഴക്കാലത്ത്  റോഡരികിലെ അപകടാവസ്ഥയിലായ മരങ്ങൾ ജീവന് ഭീഷണിയായി തുടരുന്നു. മീത്തൽമാങ്ങാട്  മാസങ്ങൾക്ക് ആറാട്ട് കഴിഞ്ഞ് ബൈക്കിൽ വരുകയായിരുന്ന  യുവാവ് മരക്കൂട്ടത്തിലേക്ക് ബൈക്ക് ഇടിച്ച് മറിഞ്ഞ് മരിച്ചിരുന്നു. റോഡരികിലെ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിസ്ഥാപിച്ച് അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ച് മാറ്റി,മതിയായ ഓവുചാലുകളും കൽവർട്ടുകളും നടപ്പാതകളും ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഗ്രീൻസ്റ്റാർ മീത്തൽമാങ്ങാട് ,വികെയർ മീത്തൽമാങ്ങാട് പ്രവർത്തകരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Post a Comment

0 Comments