Top News

മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷററുടെ ആത്മഹത്യ; ബിജെപി നേതാവിനെതിരെ കേസ്

പാലക്കാട്: മഹിളാ മോര്‍ച്ച നേതാവ് ശരണ്യയുടെ മരണത്തില്‍ ബിജെപി പ്രാദേശിക നേതാവ് പ്രജീവിനെതിരെ പോലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് ടൗണ്‍ നോര്‍ത്ത് പോലീസ് കേസെടുത്തത്. പ്രജീവ് ഒളിവിലാണെന്നും ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.[www.malabarflash.com] 

കഴിഞ്ഞദിവസമാണ് മഹിളാ മോര്‍ച്ച പാലക്കാട് മണ്ഡലം ട്രഷറര്‍ ശരണ്യ രമേഷ് ജീവനൊടുക്കിയത്. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 13 പേജുള്ള ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. ഇതിലാണ് ബിജെപി നേതാവായ പ്രജീവിന്റെ പേരുള്ളത്.

ആത്മഹത്യ കുറിപ്പിലെ പരാമര്‍ശങ്ങള്‍ ഇങ്ങനെ: ''എന്റെ മരണത്തിന് കാരണം പ്രജീവാണ്. സ്നേഹം നടിച്ച് എന്നെ ഉപയോഗിച്ച ശേഷം എല്ലാവരുടെയും മുന്നില്‍ തെറ്റുകാരിയാക്കി. പ്രജീവിനെ വെറുതെ വിടരുത്. തെറ്റുകള്‍ രണ്ടുപേരും ചെയ്തു. എന്നാല്‍ എല്ലാ കുറ്റവും എന്റേത് മാത്രമാക്കി. അവന്റെ അഭിനയത്തില്‍ വിശ്വസിച്ച് പിന്നാലെ പോയതിനുള്ള സ്വയം ശിക്ഷയായാണ് മരണം ഏറ്റുവാങ്ങുന്നത്. പ്രജീവിന് മറ്റ് സ്ത്രീകളുമായും ബന്ധമുണ്ട്. അവരുടെ പേര് പറയുന്നില്ല. കത്തില്‍ പറയുന്ന കാര്യങ്ങളില്‍ വിശ്വാസമില്ലെങ്കില്‍ ഫോണ്‍ കോള്‍ ലിസ്റ്റ് പരിശോധിച്ചാല്‍ എത്രത്തോളം തന്നെ ഉപയോഗിച്ചിട്ടുണ്ടെന്ന് മനസിലാക്കാം. മരണത്തിന് കാരണം പ്രജീവ് കാളിപ്പാറയാണ്.'' 

പ്രജീവിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. മറ്റ് പല യുവതികളുമായും ബിജെപി ഉന്നതരുമായും ഇയാള്‍ക്കുള്ള ബന്ധം ആത്മഹത്യക്കുറിപ്പില്‍ വ്യക്തമാണ്. ഇത് അന്വേഷിക്കണം. റെയില്‍വേ ജീവനക്കാരനായ ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ റെയില്‍വേ അധികൃതര്‍ക്ക് നിവേദനം നല്‍കുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.

Post a Comment

Previous Post Next Post