Top News

പ്രവാസി അബൂബക്കർ സിദ്ദിഖ് വധം: ക്വട്ടേഷൻ സംഘത്തിലെ ഒരാൾ പിടിയിൽ,അബ്ദുൾ റഷീദ് പിടിയിലാത് കർണാടകയിൽ നിന്ന്

കാസർകോട്: പ്രവാസി അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ട പൈവളിഗെ സ്വദേശി അബ്ദുൽ റഷീദ് ആണ് അറസ്റ്റിലായത്.[www.malabarflash.com]

ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. കേരള കർണാടക അതിർത്തി പ്രദേശത്ത് നിന്നാണ് അബ്ദുൽ റഷീദിനെ പോലീസ് പിടികൂടിയത്.ഇയാളെ സിദ്ദിഖിന്റെ സുഹൃത്തും സഹോദരനും തിരിച്ചറിഞ്ഞിട്ടുണ്ട്. 

സിദ്ദിഖിനെ തട്ടിക്കൊണ്ടുപോകാൻ 10 ലക്ഷം രൂപ ക്വട്ടേഷൻ നൽകിയ ഉപ്പള മഞ്ചേശ്വരം സ്വദേശികളായ റിയാസ് ഹസൻ, അബ്ദുൽ റസാഖ് എന്നിവരുൾപ്പെടെ ആറുപേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.

ഗൾഫ് രാജ്യങ്ങളിലേക്ക് വിദേശ കറൻസി കടത്തിയതുമായി ബസപ്പെട്ട തർക്കമാണ് അബൂബക്കർ സിദ്ദിഖിന്റെ കൊലപാതകത്തിൽ കലാശിച്ചത്. പതിനഞ്ചംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് നേരത്തേ കണ്ടെത്തിയിരുന്നു. കൂടുതൽ പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്നാണ് സൂചന.

കഴിഞ്ഞമാസം 26നാണ് അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. സിദ്ദിഖിന്റെ സഹോദരന്‍ അന്‍സാരിയെയും ബന്ധു അൻവർ ഹുസൈനെയും ഒരു സംഘം തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് സിദ്ദിഖിനെ നാട്ടിലെത്തിച്ചത്. സിദ്ദിഖിനെ നാട്ടിലെത്തിച്ച് തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ക്വട്ടേഷൻ സംഘം തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മർദ്ദിച്ചുവെന്ന് സിദ്ദിഖിന്റെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പൈവളിഗ നുച്ചിലയിലെ ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ചാണ് അൻവർ ഹുസൈനെയും അൻസാരിയേയും മർദ്ദിച്ചത്. മഞ്ചേശ്വരം സ്വദേശിയായ ഒരാൾ നൽകിയ ക്വട്ടേഷന്‍ പ്രകാരമാണ് സംഘം അബൂബക്കര്‍ സിദ്ധീഖ് അടക്കമുള്ളവരെ തട്ടിക്കൊണ്ട് പോയതെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. 

കേസ് അന്വേഷണത്തിനായി പതിനാറ് അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു. കാസര്‍കോട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായര്‍ക്കാണ് അന്വേഷണ ചുമതല.

Post a Comment

Previous Post Next Post