NEWS UPDATE

6/recent/ticker-posts

സാഹോദര്യ സന്ദേശം വിളിച്ചോതി അറഫയിൽ വിശ്വമഹാസംഗമം

മക്ക: 'ഹജ്ജ് എന്നാൽ അറഫ' എന്ന പ്രവാചകമൊഴിയെ അക്ഷരംപ്രതി അനുസരിച്ച് മുസ്ലിം ലോകം വിശ്വമഹാ സംഗമത്തിൽ അണിനിരന്നു. പത്ത് വർഷത്തിനിടെ ആദ്യമായി വെള്ളിയാഴ്ചയും അറഫാദിനവും ഒന്നിച്ചുവന്ന അപൂർവതക്കാണ് ലോകത്തിന്റെ നാനാദിക്കുകളിൽ നിന്നെത്തി അറഫ മൈതാനിയിൽ അണിചേർന്നു നിന്ന പത്ത് ലക്ഷം ഹാജിമാർ സാക്ഷ്യം വഹിച്ചത്.[www.malabarflash.com]

ജബലുറഹ്മയും നമീറ പള്ളിയും അറഫ മൈതാനിയും വിശ്വാസികളുടെ ഭക്തിമന്ത്രണങ്ങളാൽ മുഖരിതമായി. ചെറിയൊരു വൈറസ് തീർത്ത മനുഷ്യമഹാപ്രതിസന്ധിയുടെ ഇരുണ്ടകാലത്തിനിപ്പുറം വീണ്ടും പ്രതീക്ഷയുടെ പകൽ തെളിഞ്ഞപ്പോൾ അറഫയിൽ സമ്മേളിച്ച തീർഥാടകർക്കൊപ്പം ലോകത്തിന്റെ മുക്കുമൂലകളിലിരുന്ന് നോമ്പ് നോറ്റ് ഹൃദയം കൊണ്ട് ഐക്യപ്പെട്ടു വിശ്വാസി സമൂഹം.
ഹജ്ജിന്റെ പരമപ്രധാനമായ കർമമായ അറഫ സംഗമത്തിൽ ഇബ്രാഹിം നബിയുടെ വിളിക്ക് ഉത്തരം നൽകിയാണ് ലോക മുസ്‍ലീങ്ങൾ നേരിട്ട് ദേഹം കൊണ്ടും അകലങ്ങളിലിരുന്ന് ഹൃദയം കൊണ്ടും പ​ങ്കെടുത്തത്. ഹജ്ജ് അറഫയാണെന്ന് ഒറ്റവാക്കിൽ അറഫയുടെ സർവപ്രാധാന്യത്തെയും പ്രവാചകൻ സൂചിപ്പിച്ചു. അറഫയില്ലെങ്കിൽ ഹജ്ജ് ഇല്ലെന്നാണ് പ്രവാചകൻ പറഞ്ഞത്. 
ഹൃദയം തുറന്നു കണ്ണീർ കൊണ്ട് പാപക്കറകൾ കഴുകി കളയുമ്പോൾ നവജാത ശിശുവിന്റെ നിഷ്കളങ്കതയിലേക്കും പരിശുദ്ധിയിലേക്കും ഉയരാനാണ് വിശ്വാസിക്ക് അവസരം ഒരുക്കപ്പെടുന്നത്. മുസ്‍ലീങ്ങളുടെ വിശ്വാസപെരുമ തുടിച്ചുണരുന്ന മനുഷ്യമഹാ സംഗമത്തിലാണ് അറഫയുടെ ആകാശവും ഭൂമിയും സാക്ഷിയായത്. മഹ്ഷറകൂടി ഓർമിപ്പിക്കാറുണ്ട് ഓരോ അറഫാ സംഗമവും. ആളനക്കമില്ലാത്ത മഹാമാരിയുടെ രണ്ടു വർഷങ്ങൾക്കുശേഷം വീണ്ടും അറഫ ശുഭ്രവസ്ത്രധാരികളായ തീർഥാടക ലക്ഷങ്ങളാൽ മൈതാനം പാൽക്കടലായി.
165 രാജ്യങ്ങളെ പ്രതിനിധീകരിച്ചാണ് ഹാജിമാർ അറഫയിൽ സംഗമിച്ചത്. വിദേശത്തുനിന്ന് എട്ടര ലക്ഷവും സൗദിയിൽനിന്ന് സ്വദേശികളും വിദേശികളുമായി ഒന്നരലക്ഷവും ചേർത്ത് മൊത്തം 10 ലക്ഷം തീർഥാടകരാണ് ഇത്തവണ ഹജ്ജിൽ പ​ങ്കെടുക്കുന്നത്. ഇതിൽ മൂന്ന് ലക്ഷത്തിലധികം പേരെ ഉൾക്കൊള്ളാൻ സൗകര്യമുള്ള നമിറ പള്ളിയിലാണ് മുഹമ്മദ് നബിയുടെ ഹജ്ജ് പ്രഭാഷണം അനുസ്മരിച്ച് പ്രസംഗം നടന്നത്. സൗദിയിലെ മുതിർന്ന പണ്ഡിതസഭാംഗം ഡോ. മുഹമ്മദ്​ ബിൻ അബ്​ദുൽ കരീം അൽഈസയാണ് പ്രഭാഷണം നിർവഹിച്ചത്. വെറുപ്പിനും വിദ്വേഷത്തിനും വിഭജനത്തിനും ഇസ്‍ലാമിൽ സ്ഥാനമില്ലെന്ന് അദ്ദേഹം ഉദ്ഘോഷിച്ചു.

നമീറയിലെ പ്രഭാഷണത്തിന് ശേഷം ഹാജിമാരെ സമീപത്ത് ജബലുറഹ്മക്ക് സമീപം ഒരുക്കിയ താൽക്കാലിക തമ്പുകളിലേക്ക് മാറി. തൂവെള്ള വസ്ത്രധാരികളാൽ നിറഞ്ഞ കാരുണ്യത്തിന്റെ പർവതവും (ജബലുറഹ്മ) ഹജ്ജിൽ പങ്കുചേർന്നു.
സൂര്യാസ്തമനം വരെ ലോക മുസ്‍ലീങ്ങളുടെ മുഴുവൻ പ്രതിനിധികളായി അവർ അല്ലാഹുവിനോട് മനമുരുകി പ്രാർഥിച്ചു. ലോകം നേരിടുന്ന പ്രതിസന്ധി മറികടക്കാനുള്ള കരുത്തിനായും അവരുടെ പ്രാർഥനകൾ നീണ്ടു. കത്തുന്ന സൂര്യന് കീഴെ മനമുരുകി പ്രാർഥിച്ചു. സൂര്യാസ്തമനം വരെ തിരിച്ചറിവിന്റെ (അറഫയെന്നാൽ അറിവെന്ന് അർഥം) മൈതാനം ആത്മീയതയുടെ അനുഭൂതിലേക്ക് ഉയർന്നു. ഒരു നല്ല കാലം വരുമെന്നും വരുംവർഷം കൂടുതൽ വിശ്വാസികൾക്ക് അറഫയിൽ ഒരുമിച്ചുകൂടാനാവും എന്ന പ്രതീക്ഷയോടെയാണ് വൈകീട്ട് തീർഥാടകർ അറഫയോട് വിട പറഞ്ഞത്.

ഇടത്താവളമായ മുസദലിഫയിൽ എത്തി രാപ്പാർത്തശേഷം പുലർച്ചയോടെ പിശാചിന്റെ സ്തൂപമായ ജംറത്തുൽ അഖ്ബയിൽ കല്ലേറ് കർമം നിർവഹിക്കും. ബലികർമവും നടത്തുന്നതോടെ ഹജ്ജിന് അർദ്ധവിരാമം കുറിക്കും. വിശ്വ മുസ്‍ലീങ്ങൾ ബലിപ്പെരുന്നാൾ ആഘോഷിക്കുമ്പോൾ ഹജ്ജിലെ ഏറ്റവും തിരക്കേറിയ ദിനമാണ് ഹാജിമാർക്ക് ദുൽഹജ്ജ് 10 (ശനിയാഴ്ച). കഅ്ബ പ്രദക്ഷിണത്തിലും സഫ മർവ കുന്നുകൾക്കിടയിലുള്ള ഓട്ടത്തിലുമാവും അവർ. അത് പൂർത്തിയാക്കി​ ശേഷം മിനായിലേക്ക് മടങ്ങും.

Post a Comment

0 Comments