NEWS UPDATE

6/recent/ticker-posts

ക്ഷേത്രനിർമാണത്തിന് ഓൺലൈനിൽ ലക്ഷങ്ങൾ പിരിച്ചു; യുട്യൂബർ അറസ്റ്റില്‍

ചെന്നൈ: ക്ഷേത്ര നിർമാണത്തിനെന്നു പറഞ്ഞ് ആളുകളിൽനിന്നു ലക്ഷക്കണക്കിനു തുക പിരിച്ചെടുത്ത യുട്യൂബർ കാർത്തിക്ക് ഗോപിനാഥ് അറസ്റ്റിൽ. അനുമതിയില്ലാതെ പിരിവു നടത്തിയതിനാണു നടപടി. തമിഴ്നാട് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളുടെ നവീകരണത്തിനു പണം വേണമെന്നാണ് യൂട്യൂബർ ആവശ്യപ്പെട്ടത്.[www.malabarflash.com]


കാർത്തിക്കിന്റെ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്ക് ആറു ലക്ഷത്തോളം രൂപ വന്നതായി അന്വേഷണത്തിൽ കണ്ടെത്തി. അക്രമികൾ നശിപ്പിച്ച ചില ക്ഷേത്രങ്ങൾ വീണ്ടും നിർമിക്കുന്നതിനാണു പണം പിരിച്ചതെന്ന് കാർത്തിക്ക് പൊലീസിനോടു പറഞ്ഞു. സംസ്ഥാനത്തെ ക്ഷേത്രങ്ങൾ നടത്തുന്ന സർക്കാരിന്റെ അറിവോ അനുമതിയോ ഇല്ലാതെയാണു യുവാവിന്റെ നീക്കമെന്നു പോലീസ് അറിയിച്ചു.

പെരമ്പല്ലൂരിന് സമീപത്തെ സിറുവച്ചൂർ ക്ഷേത്രത്തിലെ എക്സിക്യൂട്ടിവ് ഓഫിസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് ആവഡി പോലീസ് പ്രസ്താവനയിൽ പ്രതികരിച്ചു. ഇളയ ഭാരതം എന്ന യൂട്യൂബ് ചാനല്‍ വഴിയാണ് കാർത്തിക്ക് പണപ്പിരിവിന് ആഹ്വാനം ചെയ്തത്. മധുര കാളിയമ്മൻ ക്ഷേത്രത്തിന്റെ ഉപക്ഷേത്രങ്ങളിലെ തകർക്കപ്പെട്ട പ്രതിമകൾ പുനർനിർമിക്കാൻ തുക ഉപയോഗിക്കുമെന്നായിരുന്നു കാർത്തിക്ക് അറിയിച്ചിരുന്നത്. പിരിച്ച തുക യൂട്യൂബർ സ്വന്തം കാര്യങ്ങൾക്ക് ഉപയോഗിച്ചതായും പരാതിക്കാരൻ ആരോപിച്ചു.

ക്രൗ‍ഡ് ഫണ്ടിങ് പ്ലാറ്റ്ഫോമായ മിലാപ്പിൽ ‘സിരുവച്ചൂർ ക്ഷേത്ര പുനർനിര്‍മാണം’ എന്ന പേരിൽ 33.28 ലക്ഷം രൂപ കാർത്തിക്ക് ഗോപിനാഥ് പിരിച്ചിട്ടുണ്ട്. ഹിന്ദു വിശ്വാസത്തെ നിരുൽസാഹപ്പെടുത്താനാണ് ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ തകർക്കുന്നതെന്നും ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്ഫോമിൽ യുട്യൂബർ അവകാശപ്പെട്ടു. എന്നാൽ വിഗ്രഹങ്ങൾ തകർത്ത സംഭവത്തിൽ വർഗീയ സ്വഭാവം കൊണ്ടുവരാനാണു യുവാവിന്റെ ശ്രമമെന്ന് ഉന്നത അന്വേഷണ ഉദ്യോഗസ്ഥൻ പ്രതികരിച്ചു. യുട്യൂബറുടെ അറസ്റ്റിനെതിരെ തമിഴ്നാട് ബിജെപി തലവൻ കെ. അണ്ണാമലൈ രംഗത്തെത്തി.

Post a Comment

0 Comments