NEWS UPDATE

6/recent/ticker-posts

വിവാഹ ആപ്പ് വഴി സൗഹൃദം സ്ഥാപിക്കും, വിശ്വാസം പിടിച്ചുപറ്റി പണവും ആഭരണങ്ങളും കൈക്കലാക്കും, പ്രതി പിടിയിൽ

മലപ്പുറം: വിവാഹ ആപ്പ് വഴി പരിചയപ്പെട്ട് അവിവാഹിതകളായ സത്രീകളോട് വിവാഹ വാഗ്ദാനം നൽകി സൗഹൃദം സ്ഥാപിക്കും. പിന്നാലെ ചെറിയ സാമ്പത്തിക ഇടപാടുകൾ നടത്തി വിശ്വാസമാർജിച്ച ശേഷം പണവും സ്വർണ്ണാഭരണങ്ങളും കൈക്കലാക്കുന്നയാൾ പിടിയിൽ. ആലപ്പുഴ സ്വദേശി പൂവത്ത് വീട്ടിൽ അസറുദ്ധീനെ (38)യാണ് കരുവാരക്കുണ്ട് ഇൻസ്‌പെക്ടർ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.[www.malabarflash.com]


സ്വന്തമായി ഹെയർ ഓയിൽ കമ്പനി നടത്തുകയാണെന്നും അവിവാഹിതനാണെന്നും പറഞ്ഞാണ് ഇയാൾ സ്വയം പരിചയപ്പെടുത്തുന്നത്. വിവാഹപ്രായം കഴിഞ്ഞ സ്വന്തമായി വരുമാനമുള്ള സ്ത്രീകളെയാണ് കൂടുതലായും നോട്ടമിടുന്നത്. സ്വന്തം ഐ ഡി കാർഡിന്റേയും ആധാർ കാർഡിന്റേയും ഫോട്ടോയടക്കം അയച്ചുകൊടുക്കുകയും വീഡിയോ കോളിൽ സംസാരിക്കുകയും ചെയ്യുന്നതോടെ സ്ത്രീകളുടെ സൗഹൃദം നേടിയെടുക്കാൻ ഇയാൾക്കാവും.

പിന്നീട് വിവാഹ വാഗ്ദാനം നൽകി ചെറിയ സാമ്പത്തിക ഇടപാടുകൾ നടത്തി കൃത്യമായി പണം തിരികെ നൽകി വിശ്വാസമാർജ്ജിക്കും. പിന്നീടാണ് സ്വർണ്ണാഭരണങ്ങൾ ആവശ്യപ്പെടുക.'വേ ടു നിക്കാഹ്' എന്ന വിവാഹ ആപ്പ് വഴിയാണ് പ്രതി കരുവാരകുണ്ട് സ്വദേശിനിയായ യുവതിയെ പരിചയപ്പെട്ടത്. കരുവാരകുണ്ടിലെ പരാതിക്കാരിയിൽ നിന്ന് പല തവണകളായി 9 പവൻ സ്വർണ്ണാഭരണങ്ങളും 85000 രൂപയും പ്രതി ഇങ്ങനെ കൈക്കലാക്കിയിരുന്നു.

പിന്നീടും നിരന്തരമായി സ്വർണ്ണവും പണവും ആവശ്യപ്പെടുകയും കൊണ്ടുപോയ സ്വർണ്ണവും പണവും തിരിച്ചു നൽകാതിരിക്കുകയും ചെയ്തതോടെയാണ് യുവതി പൊലീസിൽ പരാതിപ്പെട്ടത്. പോലീസ് അന്വേഷണത്തിൽ പ്രതി ആലപ്പുഴ, തലശ്ശേരി, തൃക്കരിപ്പൂർ, കരുവാരക്കുണ്ട് എന്നിവിടങ്ങളിൽ നിന്നായി നാല് വിവാഹങ്ങൾ ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ട്. 'റോയൽ വിൻ' എന്ന ആപ്പിൽ ചീട്ടുകളിക്കുന്നതാണ് പ്രതിയുടെ ഹോബി.

ഇങ്ങനെ ചീട്ടുകളിച്ച് പണം മുഴുവൻ നഷ്ടപ്പെട്ടതോടെ കൂടുതൽ കൂടുതൽ സ്ത്രീകൾക്ക് വിവാഹ വാഗ്ദാനം നൽകി ഇയാൾ പണവും സ്വർണ്ണവും കൈക്കലാക്കുകയായിരുന്നു. ആകർഷകമായി സംസാരിച്ച് സ്ത്രീകളുടെ വിശ്വാസം നേടിയെടുക്കാൻ സമർത്ഥനായ പ്രതി സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളെയും തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 

പ്രതിയിൽ നിന്ന് ഇത്തരം തട്ടിപ്പിനിരയായ ആളുകൾ ഉടനെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചാൽ കർശനമായ നിയമ നടപടികൾ സ്വീകരിക്കാൻ സാധിക്കുമെന്നും പരാതിക്കാരുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചു.

എസ് ഐ കെ ശിവൻ, എ എസ് ഐ ജെയിംസ് ജോൺ, സി പി ഒ മാരായ പി റിയാസ്, എൻ അജിത്, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കേസിൽ തുടരന്വേഷണം നടത്തുന്നത്. മഞ്ചേരി ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ടേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Post a Comment

0 Comments