NEWS UPDATE

6/recent/ticker-posts

കാൺപൂർ സംഘർഷം : യുപിയിലെത്തിയ ഇ.ടി.മുഹമ്മദ് ബഷീർ എംപിയെ പോലീസ് തടഞ്ഞു

ദില്ലി: കാൺപൂർ സംഘർഷത്തിൽ പരിക്കേറ്റവരെ സന്ദർശിക്കാനെത്തിയ ഇ.ടി.മുഹമ്മദ് ബഷീർ എംപി ഉൾപ്പെടെയുള്ളവരെ യുപി പോലീസ് തടഞ്ഞു. ഇന്നലെ രാത്രിയിലാണ് എംപിയെ യുപി പോലീസ് തടഞ്ഞത്. റോഡിലിരുന്ന് പ്രതിഷേധിച്ചെങ്കിലും യുപി പോലീസ് വഴങ്ങിയില്ലെന്ന് ഇ.ടി. വ്യക്തമാക്കി.[www.malabarflash.com] 

മുതിർന്ന ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന മാനിച്ച് ദില്ലിയിലേക്ക് തൽക്കാലം മടങ്ങുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ബിജെപി നേതാക്കളുടെ പ്രവാചക നിന്ദാ പരാമർശത്തിന് പിന്നാലെ കാൺപൂരിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റവരെ കാണാനാണ് ഇ.ടി.മുഹമ്മദ് ബഷീർ എംപി യുപിയിലെത്തിയത്. യുപി പോലീസിന്റെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ പ്രതിഷേധം തുടരുമെന്നും ഇ.ടി. വ്യക്തമാക്കി.

കാൺപൂർ സംഘർഷത്തിൽ പരിക്കേറ്റവരെ സന്ദർശിക്കാനെത്തിയ തന്നെ തടഞ്ഞ് തിരിച്ചയച്ചതിനെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എംപി. മുൻകൂട്ടി അറിയിച്ചാണ് ഇന്നലെ രാത്രി യുപിയിലെത്തിയത്. 

എന്നാൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പോലീസ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. 10 കിലോമീറ്ററകലെ വച്ച് സംസാരിക്കാം എന്ന് പറഞ്ഞാണ് പോലീസ് വാഹനത്തിൽ കൊണ്ടുപോയത്. 35 കിലോമീറ്റർ പിന്നിട്ടതോടെ വാഹനം നിർത്താൻ പോലീസിനോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു. തുടർന്ന് സംസാരിച്ചപ്പോൾ പരിക്കേറ്റവരെ സന്ദർശിക്കാനാകില്ലെന്ന് പോലീസ് പറഞ്ഞുവെന്നും മുകളിൽ നിന്നുള്ള നി‍ർ‍ദേശമാണെന്നും അറിയിച്ചു. 

തുടർന്ന് റോഡിൽ കുത്തിയിരിക്കുകയായിരുന്നു. പോലീസ് പക്ഷേ വഴങ്ങിയില്ല. പിന്നീട് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വിഷയത്തിൽ ഇടപെടുകയും അവരുടെ അഭ്യർത്ഥന മാനിച്ച് ദില്ലിക്ക് മടങ്ങുകയാണ് ഉണ്ടായതെന്നും ഇ.ടി പറഞ്ഞു.

Post a Comment

0 Comments