Top News

നീന്തല്‍ പഠനത്തിനിടെ അച്ഛന്‍റെയും മകന്‍റെയും മുങ്ങി മരണം; കണ്ണീരിലായി പന്നിയോട്ട് ഗ്രാമം

കണ്ണൂര്‍: നീന്തൽ  പഠിപ്പിക്കുന്നതിനിടെ അച്ഛന്‍റെയും മകന്‍റെയും ദാരുണ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി. മകന്‍ നീന്തൽ പഠിപ്പിക്കവേ മുങ്ങിത്താഴുന്നത് കണ്ട അച്ഛന്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മുങ്ങുകയായിരുന്നെന്നാണ് പ്രഥമിക വിവരം. കണ്ണൂര്‍ ജില്ലയിലെ ഏച്ചൂർ സ്വദേശി പി പി ഷാജിയും(50) മകൻ ജോതിരാദിത്യയു(15) മാണ് മരിച്ചത്. ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയാണ് പി പി ഷാജി.[www.malabarflash.com]


കണ്ണൂര്‍ വട്ടപ്പൊയിൽ പന്നിയോട്ട് കുളത്തിൽ ആണ് അപകടമുണ്ടായത്. വെള്ളത്തിൽ മുങ്ങി താഴ്ന്ന മകനെ രക്ഷിക്കാനുള്ള ശ്രമത്തിൽ ഷാജിയും മുങ്ങി മരിക്കുകയായിരുന്നു.

മകന് തുടര്‍പഠനത്തിന് നീന്തൽ സര്‍ട്ടിഫിക്കറ്റ് ആവശ്യമായതിനാല്‍, നീന്തല്‍ പഠിക്കാനാണ് ഇവര്‍ കുളത്തില്‍ എത്തിയതെന്നാണ് പ്രാഥമിക വിവരം. സാധാരണ നീന്തൽ പഠിപ്പിക്കാൻ നീന്തല്‍ അറിയുന്ന ആൾ ദിവസവും വരാറുണ്ടായിരുന്നു. ഇന്ന് അയാൾ വന്നില്ല. ഇതേ തുര്‍ന്ന് സ്വയം നീന്തിനോക്കുന്നതിനിടെ ജോതിരാദിത്യന്‍ മുങ്ങുകയായിരുന്നു. ഈ സമയം രക്ഷിക്കാന്‍ ശ്രമിച്ച ഷാജിയും മുങ്ങുകയായിരുന്നു.

റോഡിൽ നിർത്തിയിട്ട കാറും കുളത്തിന് സമീപത്തായി ചെരുപ്പുകളും കണ്ട സമീപവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദ്ദേഹങ്ങള്‍ കണ്ടത്.
തുടര്‍ന്ന് പ്രദേശവാസികള്‍ വിവരം നല്‍കിയത് അനുസരിച്ച് പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

Post a Comment

Previous Post Next Post