Top News

'ധൂം' സിനിമ പ്രചോദനം, കറുത്ത മുഖം മൂടിയും കോട്ടും; പമ്പിലെ മോഷണത്തിൽ പ്രതിയെ കുടുക്കി ഫേസ്ബുക്ക് ഫോട്ടോ

കോഴിക്കോട്: കോട്ടൂളിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച നടത്തിയ കേസിലെ പ്രതിക്ക് പ്രചോദനമായത് ഹിന്ദി ചിത്രം ധൂം. ചിത്രത്തിലെ മോഷണ സീനുകൾ കണ്ടാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നാണ് പ്രതി മലപ്പുറം എടപ്പാൾ സ്വദേശി സാദിഖ് പോലീസിനോട് പറഞ്ഞത്.[www.malabarflash.com]

ധൂം അടക്കമുള്ള ത്രില്ലർ സിനിമകൾ കണ്ടാണ് മുഖം മൂടിയും കോട്ടും ധരിച്ച് മോഷണത്തിനിറങ്ങിയത്. പെട്രോൾ പമ്പിലെ സാഹചര്യങ്ങൾ വ്യക്തമായി അറിയാവൂന്ന ആളാകും മോഷ്ടാവ് എന്ന് പോലീസ് ആദ്യമെ സംശയിച്ചിരുന്നു. ഇത് സാധൂകരിക്കുന്നതായിരുന്നു പിന്നീടുള്ള പോലീസിന്റെ കണ്ടെത്തലുകൾ. 

പമ്പിലെ മുൻ ജീവനക്കാരനായതിനാൽ സാഹചര്യങ്ങളെ കുറിച്ച് സാദിഖിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പമ്പിലെ ഓഫീസ് മുറിക്ക് മുകളിൽ രാത്രിയോടെ ഇയാൾ കയറിക്കൂടി. പുലർച്ചെ ഒരു ജീവനക്കാരൻ മാത്രമുള്ളപ്പോൾ താഴേക്ക് ഇറങ്ങി. മുളക് പൊടി വിതറിയ ശേഷം ജീവനക്കാരനെ കെട്ടിയിട്ട്, പോക്കറ്റിലുണ്ടായിരുന്ന പണം കവർന്നു.

പെട്രോൾ പമ്പിലെ സാഹചര്യങ്ങൾ വ്യക്തമായി അറിയാവൂന്ന ആളാകും മോഷ്ടാവ് എന്ന് പൊലീസ് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുൻപ് ഇവിടെ ജോലി ചെയ്തവരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു. ഫേസ്ബുക്ക് അക്കൗണ്ടുകൾ പരിശോധിച്ചു. ഇതിനിടെയാണ് സാദിഖിന്‍റെ ചില ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. കോട്ടും കൈയുറയുമെല്ലാം മോഷ്ടാവിന്‍റേത് തന്നെയെന്ന് പോലീസ് തിരിച്ചറിഞ്ഞു. 

കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞ സാദിഖിനെ പിടികൂടി ചോദ്യം ചെയ്തതോടെ കവർച്ചയുടെ ചുരുളഴിഞ്ഞു. സാമ്പത്തിക ബാധ്യത തീർക്കാനാണ് അമ്പതിനായിരം രൂപ കവർന്നതെന്നാണ് സാദ്ദിഖ് പോലീസിന് നൽകിയ മൊഴി. ഏതായാലും വെറും രണ്ട് ദിവസം കൊണ്ട് പ്രതിയെ പിടികൂടാൻ ആയത് പോലീസിനും നേട്ടമായി.

Post a Comment

Previous Post Next Post