Top News

അഗ്നിപഥ്: വ്യാപക അക്രമം, 12 ജില്ലകളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു; ബിഹാറില്‍ ബന്ദ്

പട്ന: സൈന്യത്തിലെ ഹ്രസ്വകാല നിയമന പദ്ധതിയായ ‘അഗ്നിപഥി’നെതിരായ പ്രതിഷേധം തുടരുന്നു. ഇരുനൂറിലധികം ട്രെയിനുകള്‍ റദ്ദാക്കി. ബിഹാർ, ഉത്തർപ്രദേശ്, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ട്രെയിനുകൾക്കു പ്രതിഷേധക്കാർ തീയിട്ടു. രാജ്യത്തെ 340 ട്രെയിന്‍ സര്‍വീസുകളെ പ്രതിഷേധം ബാധിച്ചിട്ടുണ്ട്. സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ബിഹാറിലെ 12 ജില്ലകളിൽ ഇന്‍റര്‍നെറ്റ് വിച്ഛേദിച്ചു. ഞായറാഴ്ച വരെ ഇതു തുടരും. ബിഹാറില്‍ ശനിയാഴ്ച ആര്‍ജെഡി ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്.[www.malabarflash.com]


ദര്‍ഭംഗയില്‍ സ്കൂള്‍ ബസിനുനേരെ ആക്രമണമുണ്ടായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ വസതി ആക്രമിച്ചു. ബിഹാര്‍ ഉപമുഖ്യമന്ത്രി രേണു ദേവിയുടെ വീട് പ്രതിഷേധക്കാര്‍ ആക്രമിച്ചു. മധേപുരയില്‍ ബിജെപി ഓഫീസിന് തീയിട്ടു. ദക്ഷിണ റയില്‍വേ ബിഹാറിലേക്കും ഉത്തര്‍പ്രദേശിലേക്കുമുള്ള എല്ലാ ട്രെയിനുകളും താല്‍കാലികമായി റദ്ദാക്കി.

അഗ്നിപഥിനെതിരെ ദക്ഷിണേന്ത്യയിലേക്കും പ്രതിഷേധം വ്യാപിച്ചു. തെലങ്കാനയിലെ സെക്കന്ദരബാദില്‍ പ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയില്‍ ബസുകള്‍ തകര്‍ത്തു. വിവിധയിടങ്ങളില്‍ ഇന്നും ട്രെയിനുകള്‍ക്ക് തീയിട്ടു. എന്നാല്‍ പദ്ധതി പിന്‍വലിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സൂചിപ്പിച്ചു.

അഗ്നിപഥ് പദ്ധതി നിർത്തിവയ്ക്കണമെന്ന് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും ജെഡിയുവും ആവശ്യപ്പെട്ടു. രാജ്യത്തിന് എന്താണ് ആവശ്യമെന്ന് പ്രധാനമന്ത്രിക്കു ബോധ്യമില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ആസൂത്രണമില്ലാതെ നടപ്പിലാക്കിയ പദ്ധതിയെന്ന് പ്രിയങ്ക ഗാന്ധിയും വിമർശിച്ചു. എന്നാൽ മുതിർന്ന നേതാവും G23 അംഗവുമായ മനീഷ് തിവാരി പദ്ധതിയെ പിന്തുണച്ചത് കോൺഗ്രസിന് തലവേദനയായി.

Post a Comment

Previous Post Next Post