NEWS UPDATE

6/recent/ticker-posts

റിഫയുടെ മൃതദേഹം പുറത്തെടുത്തു;മെഡി.കോളേജിലേക്ക് മാറ്റി,ദുരൂഹത നീങ്ങുമെന്ന് പ്രതീക്ഷ

കോഴിക്കോട്: പോസ്റ്റുമോര്‍ട്ടത്തിനായി വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്തു. കോഴിക്കോട് തഹസില്‍ദാറുടെ മേല്‍നോട്ടത്തിലാണ് പാവണ്ടൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍നിന്ന് മൃതദേഹം പുറത്തെടുത്തത്. എംബാം ചെയ്തതിനാല്‍ മൃതദേഹം കാര്യമായി അഴുകിയിരുന്നില്ല. അതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.[www.malabarflash.com]

മൃതദേഹം പുറത്തെടുക്കാനായി താമരശ്ശേരി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.

മാര്‍ച്ച് ഒന്നാം തീയതിയാണ് വ്‌ളോഗറും യൂട്യൂബറുമായ റിഫ മെഹ്നുവിനെ ദുബായില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. റിഫയുടെ മരണത്തില്‍ തുടക്കംമുതലേ ദുരൂഹതകള്‍ നിലനിന്നിരുന്നു. ഭര്‍ത്താവ് മെഹ്നാസ് റിഫയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും കുടുംബം ആരോപിച്ചിരുന്നു. പിന്നീട് മൃതദേഹം ദുബായില്‍നിന്ന് നാട്ടിലെത്തിച്ചപ്പോള്‍ അവിടെവെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് ഭര്‍ത്താവ് മെഹ്നാസ് കബളിപ്പിച്ചതായും കുടുംബം ആരോപിച്ചിട്ടുണ്ട്. ഇതിനുപിന്നാലെ റിഫയുടെ കുടുംബം നല്‍കിയ പരാതിയിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്.

റിഫയുടെ മരണത്തില്‍ വ്ളോഗറും ഭര്‍ത്താവുമായ കാസര്‍കോട് സ്വദേശി മെഹ്നാസിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. മാനസികവും ശാരീരികവുമായി ഉപദ്രവിക്കല്‍, ആത്മഹത്യാപ്രേരണാക്കുറ്റം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

Post a Comment

0 Comments