NEWS UPDATE

6/recent/ticker-posts

ബംഗളൂരു-മൈസൂരു പാതയിലെ കവർച്ച; സംഘത്തിലെ ഏഴു മലയാളികള്‍ അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരു-മൈസൂരു പാതയിൽ വാഹനയാത്രക്കാരെ ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്ന ഏഴംഗ മലയാളി സംഘം അറസ്റ്റിൽ. കേരള വാഹനങ്ങളെ ലക്ഷ്യമിട്ടാണ് സംഘം കൊള്ള നടത്തിയിരുന്നത്.[www.malabarflash.com]


ബംഗളൂരു-മൈസൂരു പാതയിൽ രാത്രികാലങ്ങളിലെ കവർച്ച നടക്കാറുണ്ടെങ്കിലും പ്രതികളെ പിടികൂടാൻ കഴിയാറില്ല. ഹൈവേ കവർച്ചക്ക് പിന്നിൽ മലയാളി സംഘങ്ങളും ഉണ്ടെന്ന വിവരമാണ് അറസ്റ്റിലൂടെ വ്യക്തമാകുന്നത്. തൃശൂര്‍ സ്വദേശികളായ ശശി (49), സിജോ ജോയ് (32), ജതിന്‍ (30), സുബി (30), കണ്ണൂര്‍ സ്വദേശികളായ നിഖില്‍ (34), അജീബ് (25), ആലപ്പുഴ സ്വദേശി അബ്ദുൽ ഖാദര്‍ ( 25) എന്നിവരെയാണ് മാണ്ഡ്യ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവരില്‍നിന്ന് വടക്കാഞ്ചേരി രജിസ്ട്രേഷനിലുള്ള കാറും ഇരുമ്പുവടി, കത്തി, കയർ, മുളകുപൊടി എന്നിവയും പോലീസ് പിടിച്ചെടുത്തു.

ബംഗളൂരു-മൈസൂരു പാതയിലെ ഹനകരെയില്‍ ആയുധങ്ങളുമായി ഒരു സംഘം റോഡരികില്‍ നില്‍ക്കുന്നതായ വിവരത്തെ തുടർന്ന് പോലീസ് പരിശോധന നടത്തുകയായിരുന്നു. പോലീസ് എത്തിയതോടെ സംഘം രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, ഇവരെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. രാത്രിയില്‍ കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങളിലെത്തുന്നവരെ ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ തടഞ്ഞുനിര്‍ത്തി സംഘം കൊള്ളയടിച്ചിരുന്നതായി പോലീസ് പറഞ്ഞു.

മുളകുപൊടി വിതറലും കത്തിയും വടിവാളും കാണിച്ച് ഭീഷണിപ്പെടുത്തിയുമാണ് യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നത്. മൊബൈൽ ഫോൺ, സ്വർണാഭരണങ്ങൾ, പണം തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ തട്ടിയെടുത്തശേഷം സ്ഥലത്തുനിന്നും കടന്നുകളയുന്നതാണ് രീതിയെന്നും പോലീസ് പറഞ്ഞു.

Post a Comment

0 Comments