Top News

പ്രവാസിയെ മർദിച്ച് കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതി യഹ്യ പിടിയിൽ

മലപ്പുറം: പ്രവാസിയായ അഗളി സ്വദേശി അബ്ദുൽ ജലീലിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി യഹ്യ പിടിയിൽ. പെരിന്തൽമണ്ണ ആക്കപ്പറമ്പിൽ നിന്ന് ഇന്നലെ അർധരാത്രിയോടെയാണ് യഹ്യയെ പോലീസ് പിടികൂടിയത്.[www.malabarflash.com] 

പാണ്ടിക്കാടുള്ള ഒരു വീടിന്റെ ശുചിമുറിയിൽ ഒളിവിലായിരുന്നു ഇയാൾ. കൊല്ലപ്പെട്ട അബ്ദുൽ ജലീലിനെ വഴിയരികിൽ നിന്ന് കിട്ടിയതാണെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചത് യഹ്യയായിരുന്നു. തുടർന്ന് അബ്ദുൽ ജലീലിന്റെ വീട്ടിലേക്കും വിവരമറിയിച്ചശേഷം ഇയാൾ ആശുപത്രിയിൽ നിന്ന് കടന്നുകളയുകയായിരുന്നു.

യഹ്യക്ക് രഹസ്യകേന്ദ്രത്തില്‍ താമസസൗകര്യം ഒരുക്കിക്കൊടുത്തവരെയും മലപ്പുറം ജില്ല പോലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കരുവാരകുണ്ട് കുട്ടത്തിയിലെ പുത്തന്‍പീടികയില്‍ നബീല്‍ , പാണ്ടിക്കാട് വളരാട് സ്വദേശി പാലപ്ര മരക്കാര്‍, അങ്ങാടിപ്പുറം പിലാക്കല്‍ അജ്മല്‍ എന്ന റോഷന്‍ എന്നിവരാണ് അറസ്റ്റ് ചെയ്തത്. ഇവർ യഹ്യയ്ക്ക് മൊബൈൽ ഫോണും സിം കാര്‍ഡും എടുത്തു നൽകിയിരുന്നു.

മേയ് പതിനഞ്ചിനാണ് നെടുംമ്പാശ്ശേരിയിൽ എത്തിയ ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ മുബഷിറയും കുടുംബവും അഗളി പോലീസിൽ പരാതി നൽകിയിരുന്നു. ഇടയ്ക്ക് കുടുംബവുമായി ബന്ധപ്പെട്ട ജലീൽ പരാതി പിൻവലിക്കാനും ആവശ്യപ്പെട്ടിരുന്നു. വീട്ടിൽ തിരിച്ചെത്തുമെന്ന് അറിയിച്ചെങ്കിലും വ്യാഴാഴ്ച രാവിലെ ഇായളെ അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചിട്ടുണ്ടെന്ന വിവരമാണ് പിന്നീട് കുടുംബം അറിയുന്നത്. 

വ്യാഴാഴ്ച രാത്രി 12.15നാണ് അബ്ദുൾ ജലീൽ മരിച്ചത്.കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത നാലുപേരടക്കം ഒമ്പത് പേർ ഇപ്പോൾ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. യഹിയയെ കോടതിയിൽ ഹാജരാക്കി ഉടൻ കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസിനെ തീരുമാനം.

Post a Comment

Previous Post Next Post