NEWS UPDATE

6/recent/ticker-posts

പീഡനം സഹിക്കാനാവാതെ ഭര്‍തൃവീട്ടില്‍ നിന്ന് ഇറങ്ങി; ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം മുഖ്യമന്ത്രിക്ക് നൗഷിജയുടെ സല്യൂട്ട്

തൃശൂര്‍: വിവാഹ ജീവിതം തകര്‍ന്നാല്‍ സ്ത്രീകള്‍ എന്ത് ചെയ്യും? വിവാഹം എന്ന വാതില്‍ അടഞ്ഞാല്‍ മറ്റ് നൂറുവഴികള്‍ തുറക്കപ്പെടുമെന്ന് പേരാമ്പ്ര സ്വദേശി നൗഷിജ പറയുന്നു, ഭര്‍ത്താവിന്റെ വീട്ടിലെ പീഡനങ്ങള്‍ സഹിക്കനാവാതെ നൗഷിജയും ആദ്യം മരണത്തെകുറിച്ചാണ് ചിന്തിച്ചത്. എന്നാല്‍ താന്‍ എന്തിന് മരിക്കണം എന്ന ചോദ്യം അവള്‍ സ്വയം ചോദിച്ചു. ജീവിച്ചുകാണിക്കാന്‍ തീരുമാനിച്ചു.[www.malabarflash.com] 

2016 മെയ് 22ന് നൗഷിജ കുഞ്ഞുമായി പേരാമ്പ്രയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി. കോഴിക്കോട് പന്തിരിക്കരയില്‍ പെട്ടിക്കട നടത്തുന്ന പിതാവ് അബ്ദുള്ളയും മാതാവ് ഫാത്തിമയും മകളുടെ കൂടെ നിന്നു. ആറ് വര്‍ഷത്തിനിപ്പുറം 2022 മെയ് 22ന് തൃശൂരിലെ പോലീസ് അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന് സല്യൂട്ട് നല്‍കി. 

നൗഷിജ ഇന്ന് പോലീസ് സേനയില്‍ അംഗമായ 446 പെണ്‍ സേനാഗംങ്ങളില്‍ എംസിഎ യോഗ്യതയുള്ള രണ്ടു പേരില്‍ ഒരാളാണ്. പരേഡ് കാണുവാന്‍ നൗഷിജയുടെ മാതാപിതാക്കള്‍ക്കൊപ്പം ഏഴുവയസ്സുകാരന്‍ മകനും ഉണ്ടായിരുന്നു.

2013 മെയിലായിരുന്നു നൗഷിജയുടെ വിവാഹം. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ വീടിനടുത്തുള്ള പാരലല്‍ കോളേജില്‍ അധ്യാപികയായി ചേര്‍ന്നു. പിന്നീട് പിഎസ്‌സി പരിശീലനത്തിനായി ജോലി ഉപേക്ഷിച്ചു. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ലാബ് അസിസ്റ്റന്റായ സഹോദരി നൗഫും പരിപൂര്‍ണ പിന്തുണ നല്‍കി. 

പോലീസ് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് പട്ടികയില്‍ തൃശൂര്‍ ജില്ലയില്‍ ഒന്നാം റാങ്കും എറണാകുളം ജില്ലയില്‍ എട്ടാം റാങ്കും ഉണ്ടായിരുന്നു. വനിതാ പോലീസിന്റെ പട്ടികയില്‍ 141ആം റാങ്കാണ്. എക്‌സൈസ് റാങ്ക് പട്ടികയിലും നൗഷിജ ഇടം നേടിയിട്ടുണ്ട്. 

വിവാഹത്തിന് മുമ്പ് നൗഷിജ കോളേജില്‍ ഗസ്റ്റ് ലക്ച്ചറയായി ജോലി ചെയ്തിരുന്നു. വിവാഹ ശേഷം ജോലിക്ക് പോകാന്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. സ്ത്രീ ധനത്തിന്റെ പേരില്‍ തന്നെ പീഡിപ്പിച്ചയാളെ വെല്ലുവിളിച്ച് ജീവിച്ചുകാണിച്ചു കൊടുക്കണം എന്ന വാശിയാണ് ഇത് വരെ എത്തിച്ചത്. മാതാപിതാക്കളും കൂടെ നിന്നെന്നും നൗഷിജ പറയുന്നു.കേരള പോലീസ് സേനയില്‍ ഉയര്‍ന്ന റാങ്കിലുള്ള തസ്തികയില്‍ എത്തുക എന്നതാണ് നൗഷിജയുടെ ലക്ഷ്യം.

Post a Comment

0 Comments