Top News

കോവിഡ് വ്യാപനം കഴിഞ്ഞാലുടന്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കും - അമിത് ഷാ

സിലിഗുഡി: രാജ്യത്ത് കോവിഡ് കഴിഞ്ഞാലുടന്‍ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളില്‍ നടന്ന ഒരു പൊതു പരിപാടിയിലാണ് കേന്ദ്രത്തിന്റെ അജണ്ടയില്‍ നിയമം നടപ്പിലാക്കുന്നത് നിലനില്‍ക്കുന്നുവെന്ന സൂചന അദ്ദേഹം നല്‍കിയത്. രാജ്യത്ത് ഈ നിയമം നടപ്പിലാക്കില്ലെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.[www.malabarflash.com]


'രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രചരിപ്പിക്കുകയാണ്. ഇത് തെറ്റാണ്. കോവിഡ് കാലം കഴിഞ്ഞാല്‍ ഉടന്‍ തന്നെ നിയമം പ്രാബല്യത്തില്‍ വരും'- അമിത് ഷാ പറഞ്ഞു. സിഎഎ ഒരു യാഥാര്‍ഥ്യമാണെന്നും അത് നടപ്പിലാക്കാതിരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം മമത ബാനര്‍ജിയോട് പറഞ്ഞു.

അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ മമത ബാനര്‍ജി രംഗത്തെത്തിയിട്ടുണ്ട്. 'എന്തുകൊണ്ടാണ് ഈ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാത്തത്? 2024ല്‍ ഭരണത്തില്‍ എത്താന്‍ പോകുന്നില്ലെന്ന് ബിജെപിക്ക് നന്നായി അറിയാം. രാജ്യത്തെ ഒരു പൗരാവകാശത്തിന് നേരെയും ഒരു കടന്നുകയറ്റവും അനുവദിക്കാന്‍ കഴിയില്ല. ഐക്യമാണ് രാജ്യത്തിന്റെ ശക്തി. ഇപ്പോള്‍ അമിത് ഷാ ഒരു വര്‍ഷത്തിന് ശേഷം ബംഗാളിലേക്ക് വന്നിരിക്കുന്നു. ഓരോ തവണ വരുമ്പോഴും വിടുവായത്തം പറയുകയെന്നത് അമിത് ഷായുടെ ശീലമാണ്'- മമത തിരിച്ചടിച്ചു.

നിയമം നടപ്പിലാക്കുന്നതിനെതിരെ 2019 അവസാനവും 2020 ആദ്യവും വലിയ പ്രതിഷേധങ്ങളുണ്ടായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണും പ്രഖ്യാപിച്ചതോടെ പ്രതിഷേധങ്ങള്‍ അടങ്ങുകയും പിന്നീട് നിയമം നടപ്പിലാക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്നോട്ട് പോകുകയും ചെയ്തിരുന്നു.

Post a Comment

Previous Post Next Post