NEWS UPDATE

6/recent/ticker-posts

വീഡിയോ എടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് അപകടം; പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

പത്തനാപുരം: വീഡിയോ എടുക്കുന്നതിനിടെ ശനിയാഴ്ച കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട കൂടൽ എസ്എൻയുപി സ്കൂളിനു സമീപം മനോജ് ഭവനിൽ മനോജിന്റെ മകൾ അപർണയുടെ (ഗൗരി-16) മൃതദേഹമാണ് കണ്ടെടുത്തത്.[www.malabarflash.com]

സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു വിദ്യാർഥികളാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ രണ്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു. ഇവർ ഒഴുക്കിൽപ്പെട്ട കുറ്റിമൂട്ടിൽ കടവിൽനിന്ന് രണ്ടര കിലോമീറ്റർ മാറിയാണ് അപർണയുടെ മൃതദേഹം കണ്ടെത്തിയത്.

അപർണയ്‌ക്കൊപ്പം ഒഴുക്കിൽപ്പെട്ട കുണ്ടയം വെള്ളാറമൺ കുറ്റിമൂട്ടിൽകടവ് അഞ്ജന വിലാസത്തിൽ അജിയുടെ മക്കളായ അനുഗ്രഹ(19), സഹോദരൻ അഭിനവ്(12) എന്നിവരാണ് രക്ഷപ്പെട്ടത്. ഇതിൽ അനുഗ്രഹയെ നാട്ടുകാർ രക്ഷപ്പെടുത്തി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അഭിനവ് ആറ്റിലൂടെ ഒഴുകിയെത്തിയ മരച്ചില്ലകളിൽ പിടിച്ചു കരയ്ക്കു കയറി.

ശനിയാഴ്ച രാവിലെ 11നാണു സംഭവം.സുഹൃത്തായി അനുഗ്രഹയുടെ വീട്ടിൽ ശനിയാഴ്ച  രാവിലെയാണ് അപർണ എത്തിയത്. പത്തനാപുരം മൗണ്ട് താബോർ ഗേൾസ് ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളാണ് ഇരുവരും. ഇവിടെനിന്ന് അമ്പലത്തിൽ പോകുകയാണെന്നു പറഞ്ഞിറങ്ങിയ ഇവർ കല്ലടയാറ്റിൽ കുറ്റിമൂട്ടിൽ കടവിലെത്തി വീഡിയോ എടുക്കുന്നതിനിടെ ഒഴുക്കിൽപെടുകയായിരുന്നു. 

പെൺകുട്ടികൾ ആറ്റിൽ ഇറങ്ങിനിൽക്കുകയും അഭിനവ് കരയിലിരുന്നു വീഡിയോ എടുക്കുകയുമായിരുന്നു. ആദ്യം പെൺകുട്ടികളാണ് ഒഴുക്കിൽപ്പെട്ടത്. ഇവരെ രക്ഷിക്കാനിറങ്ങിയ അഭിനവും ആറ്റിൽ വീണു. അനുഗ്രഹയെ പന്ത്രണ്ട് മുറി ഭാഗത്തു നിന്നും അഭിനവിനെ മാലൂരിൽ നിന്നുമാണു രക്ഷപ്പെടുത്തിയത്.

അഗ്നിശമന സേനയും കൊല്ലത്തുനിന്ന് എത്തിയ സ്കൂബ ടീമും അപർണയ്ക്കായി ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലെ മഴയും ഇവർ അകപ്പെട്ട ഭാഗത്തെ ചെളിയും മൂലം രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. രാത്രി നിർത്തിവച്ച തിരച്ചിൽ രാവിലെ പുനരാരംഭിച്ചതിനു പിന്നാലെയാണ് അപർണയുടെ മൃതദേഹം കണ്ടെത്തിയത്.

Post a Comment

0 Comments