NEWS UPDATE

6/recent/ticker-posts

ജില്ലയുടെ പേര് മാറ്റി; ആന്ധ്രയില്‍ മന്ത്രിയുടെയും എംഎല്‍എയുടെയും വീടിന് തീയിട്ടു

ഹൈദരാബാദ്: പുതുതായി രൂപീകരിച്ച കൊനസീമ ജില്ലയുടെ പേര് ആർ.അംബേദ്കർ കൊനസീമ എന്ന് പുനർനാമകരണം ചെയ്യുന്നതിൽ പ്രതിഷേധിച്ച് ആന്ധ്രാപ്രദേശിലെ അമലപുരം ടൗണിൽ പ്രതിഷേധം. പ്രതിഷേധക്കാർ ഗതാഗത മന്ത്രി പി.വിശ്വരൂപിന്റെ വീടിന് തീയിട്ടു. മന്ത്രിയെയും കുടുംബത്തെയും പോലീസ് സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. എംഎൽഎ പൊന്നാട സതീഷിന്റെ വീടിനും പ്രതിഷേധക്കാർ തീയിട്ടു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.[www.malabarflash.com]


പ്രതിഷേധക്കാർ പോലീസ് വാഹനവും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബസും കത്തിച്ചു. കല്ലേറിൽ നിരവധി പോലീസുകാർക്കു പരുക്കേറ്റു. 20ലധികം പോലീസുകാർക്കു പരുക്കേറ്റെന്നാണു വിവരം. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി തനേതി വനിത പറഞ്ഞു.

ഏപ്രിൽ 4നാണ് കൊനസീമ ജില്ല രൂപീകരിച്ചത്. കഴിഞ്ഞ ആഴ്ച, കൊനസീമ ജില്ലയുടെ പേര് ബി.ആർ.അംബേദ്കർ കൊനസീമ എന്ന് പുനർനാമകരണം ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കുകയും എതിർപ്പുകൾ ഉണ്ടെങ്കിൽ അറിയിക്കാൻ ജനങ്ങളിൽനിന്ന് അഭിപ്രായം തേടുകയും ചെയ്തിരുന്നു. അംബേദ്കർ ജയന്തിയോട് അനുബന്ധിച്ചാണ് സംസ്ഥാന സർക്കാര്‍ ജില്ലയുടെ പേര് മാറ്റിയത്.

കൊനസീമ പരിരക്ഷണ സമിതിയും കൊനസീമ സാധന സമിതിയും മറ്റു സംഘടനകളുമാണ് പ്രതിഷേധിച്ചത്. ഗതാഗത മന്ത്രിയുടെ വീട്ടിലെത്തി അദ്ദേഹത്തെ നേരിട്ടുകണ്ട് കാര്യങ്ങൾ പറയാനാണ് പ്രതിഷേധക്കാർ എത്തിയത്. എന്നാൽ അദ്ദേഹത്തെ കാണാൻ സാധിച്ചില്ല. ഇതേത്തുടർന്ന് അക്രമാസക്തരായ പ്രതിഷേധക്കാർ വീടിനു തീയിടുകയായിരുന്നു. വീടിനു മുൻപിൽ നിർത്തിയിട്ടിരുന്ന ചില വാഹനങ്ങൾക്കും കേടുപാടുകൾ വരുത്തിയിട്ടുണ്ട്.

വീട്ടിലെ സാധനങ്ങൾ മുഴുവൻ ചാരമായി. ഗ്യാസ് സിലിൻഡറും പൊട്ടിത്തെറിച്ചു. വീടിനെച്ചുറ്റി പുക നിന്നതിനാൽ പോലീസിനും അഗ്നിരക്ഷാ സേനയ്ക്കും ആദ്യ ഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിട്ടിരുന്നു.

Post a Comment

0 Comments