Top News

വൈദ്യുതി കമ്പി ദേഹത്ത് കുരുങ്ങി കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മരിച്ചു

കാഞ്ഞങ്ങാട് : സ്കൂട്ടറിൽ സഞ്ചരിക്കവേ കാറ്റിലും മഴയിലും താഴ്ന്ന വൈദ്യുതി കമ്പി കഴുത്തിലും ദേഹത്തും കുരുങ്ങി ഷോക്കേറ്റ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൊവ്വൽപ്പള്ളി മന്ന്യോട്ട് ദാര വളപ്പിൽ ഡി.വി.ബാലകൃഷ്ണൻ (70) ആണ് മരിച്ചത്.[www.malabarflash.com]


സ്കൂട്ടറിന്റെ മുൻപിൽ നിൽക്കുകയായിരുന്ന മകളുടെ മകൻ നിഹാൽ (5)‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബുധനാഴ്ച വൈകിട്ട് 4.55ന് കൂളിയങ്കാൽ പടിഞ്ഞാർ-മന്ന്യോട്ട് അമ്പലം റോഡ് ഇടവഴിയിലാണു സംഭവം. അപകട സമയത്തു കാറ്റും മഴയും ഉണ്ടായിരുന്നു. മകളുടെ മകനെ ‍ട്യൂഷൻ കഴിഞ്ഞ് കൂട്ടി വരുന്നതിനിടെയാണ് അപകടം. ഇടവഴിയുടെ ഇരുഭാഗത്തും മതിലാണ്. മതിലിനോടു ചേർന്നു താഴ്ന്നു കിടന്ന വൈദ്യുതി കമ്പിയാണ് ബാലകൃഷ്ണന്റെ കഴുത്തിലും ദേഹത്തും ചുറ്റിയത്.

ഷോക്കേറ്റതോടെ ബാലകൃഷ്ണനും സ്കൂട്ടറും മതിലിനോടു ചേർന്നു വീണു. സംഭവ സമയത്തു മറ്റൊരു സ്കൂട്ടറിൽ വരികയായിരുന്ന ആളാണു കുട്ടിയെ എടുത്തു മാറ്റി രക്ഷപ്പെടുത്തിയത്. സമീപത്തെ വീട്ടിൽ വയറിങ് ജോലി ചെയ്യുകയായിരുന്ന ആളെത്തി വൈദ്യുതി ലൈൻ പൊക്കി മാറ്റിയ ശേഷമാണ് ഇരുവരും ചേർന്നു ബാലകൃഷ്ണനെ സ്കൂട്ടറിൽ നിന്നു എടുത്തത്. പിന്നീട് പ്രാഥമിക ശ്രുശൂഷ നൽകി ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പരേതരായ കൊട്ടൻകുഞ്ഞി മാണിക്കം ദമ്പതികളുടെ മകനാണ്. ഭാര്യ: ഗൗരി. മക്കൾ: ദിവ്യ, നവ്യ (നഴ്സ് ജില്ലാശുപത്രി കാഞ്ഞങ്ങാട് ) . മരുമക്കൾ: വസന്തൻ, സൂരജ് (ഇരുവരും ആർമി ഉദ്യോഗസ്ഥർ) . സഹോദരങ്ങൾ: മീനാക്ഷി, ഓമന, ദാമോദരൻ.

Post a Comment

Previous Post Next Post