NEWS UPDATE

6/recent/ticker-posts

സി.എൻ മാസ്റ്റർക്ക് ത്വാഹിറുൽ അഹ്ദൽ അവാർഡ് ഞായറാഴ്ച കാന്തപുരം സമ്മാനിക്കും

കാസർകോട്: ജി.സി.സി രാഷ്ട്രങ്ങളിലെ കാസർകോട് ജില്ലക്കാരുടെ കൂട്ടായ്മയായ മാലിക് ദീനാര്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ മൂന്നാമത് ത്വാഹിര്‍ തങ്ങള്‍ മെമ്മോറിയല്‍ അവാര്‍ഡ് ദാന ചടങ്ങ് ഈ മാസം 13ന് ഞായറാഴ്ച രാത്രി പുത്തിഗെ മുഹിമ്മാത്തിൽ നടക്കും.[www.malabarflash.com]


ത്വാഹിർ തങ്ങൾ ഉറൂസ് സമാപന സമ്മേളനത്തിൽ ഇൻഡ്യൻ ഗ്രാൻറ് മുഫ്തി കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാരാണ് അവാർഡ് സമ്മാനിക്കുന്നത്. പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും മുഹിമ്മാത്ത് ഉപാധ്യാക്ഷനുമായ സി.എന്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്ററെയാണ് ഈ വര്‍ഷത്തെ അവാര്‍ഡിന് തെരെഞ്ഞെടുത്തത്.

മുഹിമ്മാത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ക്ക് നല്‍കിയ പിന്തുണയും ജില്ലയുടെ വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളില്‍ കാഴ്ച വെച്ച പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് സി.എന്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്ററെ അവാര്‍ഡിന് തെരെഞ്ഞെടുത്തത്.

പെർള ഷേണിയില്‍ സാധാരണ കുടുംബത്തില്‍ ജനിച്ച സി.എന്‍ മാസ്റ്റര്‍ കഠിന പ്രയത്നത്തിലൂടെ അധ്യാപന മേഖലയില്‍ എത്തുകയും ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നീണ്ട 36 വര്‍ഷം സേവനം ചെയ്യുകയും ചെയ്തു.
2002 ല്‍ ഊജാര്‍ ഉളുവാര്‍ സ്‌കൂള്‍ പ്രധാന അധ്യാപകനായി വിരമിച്ച ശേഷം മുഹിമ്മാത്ത് സ്‌കൂള്‍ മാനേജറായും സേവനം ചെയ്തു.

മുഹിമ്മാത്തിന് പുറമെ എസ്.വൈ.എസ്, കേരള മുസ്ലിം ജമാഅത്ത് സംഘടനകളുടെ ജില്ല സോണ്‍ ഭാരവാഹിയായി സേവനമനുഷ്ഠിച്ചു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മറ്റിയംഗം, കുമ്പള സോണ്‍ വൈസ് പ്രസിഡൻ്റ്, മുഹിമ്മാത്ത് മഹല്ല്, രിഫാഈ നഗര്‍ മഹല്ല് പ്രസിഡൻ്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു. 

എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എന്‍ ജാഫറിന്റെ പിതാവാണ്. സംഘാടകന്‍ കൂടിയായ അദ്ധേഹം ആദ്യകാലത്ത് അധ്യാപകരുടെ അവകാശ പോരാട്ടത്തിനായി സമരം നയിച്ച് ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. കട്ടത്തടുക്ക വികാസ് നഗറിലാണ് നിലവിൽ താമസം.

മുഹിമ്മാത്തിൻ്റെ ഉത്ഭവത്തിലേക്ക് നയിച്ച ത്വാഹിർ തങ്ങൾ പ്രസിഡൻ്റായ എസ് വൈ എസ് പ്രഥമ പുത്തിഗെ പഞ്ചായത്ത് കമ്മറ്റിയുടെ ജനറൽ സെക്രട്ടറിയായാണ് സുന്നി പ്രാസ്ഥാനിക രംഗത്ത് സി. എൻ സജീവമാകുന്നത്.
പിന്നീട് ഓർഫനേജ് കമ്മറ്റി സെക്രട്ടറിയായും 92 ൽ മുഹിമ്മാത്ത് രൂപം കൊണ്ടപ്പോൾ സെൻട്രൽ കമ്മറ്റി സെക്രട്ടറിയായും പ്രവർത്തിച്ചു.

പ്രൈമറി എജുക്കേഷൻ എക്സ്റ്റൻഷൻ ഓഫീസർ, സാക്ഷരതാ കോഡിനേറ്റർ തുടങ്ങിയ നിലകളിലും മികച്ച പ്രവർത്തനം കാഴ്ച വെച്ചു.

അവാർഡ് ദാന ചടങ്ങിൽ മുഹിമ്മാത്ത് സാരഥികളും കൾച്ചറൽ ഫോറം സെൻട്രൽ കമ്മറ്റി സാരഥികളും സംബന്ധിക്കും.

ജി.സി സി യിൽ വിവിധ സാംസ്കാരിക സേവന മേഖലകളിൽ ഇടപെടുന്ന മാലിക് ദീനാർ കൾച്ചറൽ ഫോറം നാട്ടിലെ സാന്ത്വന പ്രവർത്തനങ്ങൾക്കും വലിയ താങ്ങാകുന്നു.

കാസർകോട് മെഡിക്കൽ കോളേജിന് സമീപമുള്ള സാന്ത്വന ഭവനിൽ ഫോറം വിവിധ മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കി.
ലത്തീഫ് സഅദി ഉറുമി ചെയർമാനും സത്താർ കോരിക്കാർ കൺവീനറും എൻ എ ബക്കർ അംഗടിമുഗർ ട്ര ഷററുമായാണ് ഫോറം പ്രവർത്തിക്കുന്നത്.
ഹമീദ് പരപ്പ ചെയർമാനായി സുപ്രിം കൗൺസിലുമുണ്ട്

Post a Comment

0 Comments