Top News

സോണിയ അധ്യക്ഷയായി തുടരും; തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഫലംകണ്ടില്ലെന്ന് പ്രവര്‍ത്തകസമിതി വിലയിരുത്തല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷയായി സോണിയാ ഗാന്ധി തന്നെ തുടരും. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന അടിയന്തര കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. യോഗത്തില്‍ പങ്കെടുത്ത നേതാക്കളില്‍ ആരും നേതൃമാറ്റ ആവശ്യം ഉന്നയിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സെപ്റ്റംബറില്‍ നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പുവരെ സോണിയ തന്നെ പാര്‍ട്ടിയെ നയിക്കും.[www.malabarflash.com]


കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്നത് ഗാന്ധി കുടുംബമാണെന്ന് ചില നേതാക്കള്‍ പറയുന്നുണ്ടെന്നും അത്തരമൊരു വിചാരമുണ്ടെങ്കില്‍ സ്ഥാനത്യാഗം ചെയ്യാന്‍ തയ്യാറാണെന്നും യോഗത്തില്‍ സോണി പറഞ്ഞു. ഏറെ വൈകാരികമായായിരുന്നു സോണിയയുടെ പ്രതികരണം. എന്നാല്‍ രാജിസന്നദ്ധത തള്ളിയ പ്രവര്‍ത്തകസമിതി, ഗാന്ധികുടുംബത്തില്‍ പൂര്‍ണ വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ കൈക്കൊണ്ട തന്ത്രങ്ങള്‍ ഫലംകണ്ടില്ലെന്നും പ്രവർത്തക സമിതി യോഗം വിലയിരുത്തി.

ദേശീയ നേതൃത്വത്തിനെതിരേ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ ജി 23 നേതാക്കളില്‍ ആരും യോഗത്തില്‍ സോണിയയുടെ രാജി ആവശ്യപ്പെട്ടില്ല. യോഗത്തില്‍ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കള്‍ ആരും രാജിസന്നദ്ധത അറിയിച്ചില്ലെന്നാണ് സൂചന. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ഉള്‍പ്പെടെയുള്ള നേതാക്കളില്‍ ചിലര്‍ രാജിവച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തിരഞ്ഞെടുപ്പ് തോല്‍വിയില്‍ കൂട്ടുത്തരവാദിത്വം ഉണ്ടെന്ന വിലയിരുത്തലാണ് നാലര മണിക്കൂറോളം നീണ്ട യോഗത്തില്‍ പ്രധാനമായും ഉയര്‍ന്നത്. തോല്‍വി അതീവഗൗരവതരമാണെന്നും ക്രിയാത്മക പ്രതിപക്ഷമെന്ന നിലയില്‍ പരാജയം ഏറ്റുവാങ്ങിയ സംസ്ഥാനങ്ങളില്‍ കൃത്യയമായ ഇടപെടല്‍ നടത്തുമെന്നും പ്രവര്‍ത്തകസമിതി യോഗം പുറത്തിറക്കിയ പ്രമേയത്തില്‍ പറയുന്നു.

സംഘടനാ തിരഞ്ഞെടുപ്പ് മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാനും ആവശ്യമായ തിരുത്തലുകള്‍ വരുത്താനും പ്രവര്‍ത്തന സമിതി സോണിയാ ഗാന്ധിയെ ചുമതലപ്പെടുത്തി.

തോല്‍വിയുടെ ഗൗരവം പാര്‍ട്ടി മനസിലാക്കുന്നുവെന്നും പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം മുതിര്‍ന്ന നേതാക്കളുടെ ചിന്തന്‍ ശിബിരം സംഘടിപ്പിക്കുമെന്നും സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ചിന്തന്‍ ശിബിരത്തില്‍ പാര്‍ട്ടിയെ എങ്ങനെ മുന്നോട്ടുനയിക്കണമെന്ന കാര്യത്തില്‍ കൃത്യമായ ചര്‍ച്ചകള്‍ നടക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി മുന്നോട്ടുപോകുമെന്നും ആദ്ദേഹം വ്യക്തമാക്കി.

Post a Comment

Previous Post Next Post