Top News

വേദന അറിയാതിരിക്കാന്‍ നല്‍കുന്നത് ലഹരിമരുന്നോ? ടാറ്റൂ സ്ഥാപനത്തില്‍ റെയ്ഡ്; കഞ്ചാവ് കണ്ടെടുത്തു

മലപ്പുറം: മലപ്പുറം തിരൂരിലെ ടാറ്റൂ സ്ഥാപനത്തില്‍ നിന്ന് 20 ഗ്രാം കഞ്ചാവ്  കണ്ടെടുത്തതായി എക്‌സൈസ് അറിയിച്ചു. ജില്ലയില്‍ പരിശോധന തുടരുകയാണ്. സംസ്ഥാന വ്യാപകമായി ടാറ്റൂ സ്ഥാപനങ്ങളില്‍ എക്‌സൈസ് പരിശോധന നടത്തുന്നുണ്ട്. ടാറ്റൂ ചെയ്യുമ്പോള്‍ വേദന അറിയാതിരിക്കാന്‍ ലഹരിമരുന്ന് നല്‍കുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെമ്പാടുമുള്ള ടാറ്റൂ സ്ഥാപനങ്ങളിൽ എക്സൈസ് പരിശോധന നടത്തിയിരുന്നു.[www.malabarflash.com]


നാല് സർക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ ഒമ്പത് റേഞ്ചുകളിലാണ് പരിശോധന നടത്തിയത്. ലഹരിവസ്തുക്കൾ കണ്ടെത്തിയില്ലെന്നും എക്സൈസ് അറിയിച്ചു. തൃശ്ശൂർ ജില്ലയിലെ ടാറ്റൂ സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. എന്നാൽ ലഹരിവസ്തുക്കൾ കണ്ടെത്തിയില്ല. കൊച്ചിയിലെ ടാറ്റൂ കേന്ദ്രത്തിൽ യുവതികളോട് അപമര്യാദയായി പെരുമാറിയ സംഭവം പുറത്തുവന്ന പശ്ചാത്തലത്തിൽ കൂടിയായിരുന്നു പരിശോധന.

ശരീരത്തില്‍ ടാറ്റൂ അടിക്കുന്നത് യുവസമൂഹത്തിനിടെയില്‍ വലിയ ഹരമായി മാറിയതോടെ സംസ്ഥാനത്ത് ഇത്തരം കേന്ദ്രങ്ങള്‍ കൂണുകള്‍ പോലെ മുളച്ചു പൊന്തിയിരുന്നു. അല്‍പ്പം വേദന സഹിച്ചാണെങ്കിലും ടാറ്റൂ അടിക്കുന്നതില്‍ പുതിയ തലമുറ സന്തോഷം കണ്ടെത്തുന്നുണ്ടെന്ന് അടുത്ത കാലത്തുണ്ടായ ഈ മേഖലയുടെ വളര്‍ച്ച സൂചിപ്പിക്കുന്നു. ടാറ്റൂ ചെയ്യുന്നതും ഒരു കല തന്നെയാണ്. സൂചിമുന കൊണ്ട് ത്വക്കിലേക്ക് മഷി ഇന്‍ജക്ട് ചെയ്താണ് ടാറ്റു പതിപ്പിക്കുന്നത്.

തൊലിയിലെ രണ്ടാംപാളിയിലേക്കാണ് മഷി ഇറങ്ങുന്നത്. ഇതിനിടെയിലാണ് കൊച്ചിയിലെ ടാറ്റൂ കേന്ദ്രത്തിൽ യുവതികളോട് അപമര്യാദയായി പെരുമാറിയ സംഭവം പുറത്ത് വന്നത്. തുടര്‍ച്ചയായ സൂചിപ്രയോഗം മൂലം വേദനയും മരവിപ്പും ഉണ്ടാകുന്നതിനാല്‍ പിന്നീട് എന്തൊക്കെ ചെയ്യും എന്നത് തിരിച്ചറിയാന്‍ പോലും കഴിയില്ലെന്ന് ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജേഷിനെതിരെ പരാതി നല്‍കി യുവതികളില്‍ ചിലര്‍ പറഞ്ഞിരുന്നു. ഇതോടെയാണ് ലഹരിമരുന്നിന്‍റെ ഉപയോഗം എന്ന സംശയം ഉയര്‍ന്ന് വന്നത്.

തുടര്‍ന്ന് കൊച്ചിയിലെ ടാറ്റൂ സ്ഥാപനങ്ങളില്‍ മയക്കുമരുന്ന് എത്താറുണ്ടോ എന്നാണ് പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വലിയ മയക്കുമരുന്ന് സംഘങ്ങളുമായി ടാറ്റൂ മേഖലയിലെ പ്രമുഖര്‍ക്കുള്ള ബന്ധത്തെ കുറിച്ച് മുന്‍പും വാര്‍ത്തകള്‍ വന്നിരുന്നു. ഇത്തരത്തിലുള്ള ടാറ്റൂ സ്റ്റുഡിയോകള്‍ ന്യൂജെന്‍ മയക്കുമരുന്നുകളുടെ വില്‍പ്പന കേന്ദ്രങ്ങളായി ഇത് മാറുന്നുണ്ടോ എന്നും പോലീസ് പരിശോധിക്കുകയാണ്.

Post a Comment

Previous Post Next Post