NEWS UPDATE

6/recent/ticker-posts

കുവൈത്തില്‍ മൂന്ന് പേരെ കൊലപ്പെടുത്തിയതിന് പിടിയിലായ ഇന്ത്യക്കാരന്‍ ജയിലില്‍ തൂങ്ങി മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ഇന്ത്യക്കാരന്‍ ജയിലില്‍ ആത്മഹത്യ ചെയ്‍തു. ജയിലില്‍ തന്റെ വസ്‍ത്രങ്ങള്‍ ഉപയോഗിച്ച് കുരുക്കുണ്ടാക്കി തൂങ്ങി മരിക്കുകയായിരുന്നു. പ്രതി ആത്മഹത്യ ചെയ്‍ത വിവരം പ്രോസിക്യൂഷനെയും ഫോറന്‍സിക് വിഭാഗത്തെയും ജയില്‍ അധികൃതര്‍ അറിയിച്ചു.[www.malabarflash.com]


ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുവൈത്തിലെ അര്‍ദിയയിലാണ് സ്വദേശിയെയും ഭാര്യയെയും മകളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കുവൈത്ത് പൗരന്‍ അഹ്മദ് (80), ഭാര്യ ഖാലിദ (50), മകള്‍ അസ്മ (18) എന്നിവരായിരുന്നു മരിച്ചത്. മൃതദേഹങ്ങള്‍ കണ്ടെത്തി രണ്ടു ദിവസത്തിനകം പ്രതി പിടിയിലാകുകയായിരുന്നു. സുലൈബിയയില്‍ നിന്നാണ് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

സംഭവസ്ഥലത്തിന് ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൊല്ലപ്പെട്ട ഖാലിദയുടെ സഹോദരനാണ് മൃതദേഹങ്ങള്‍ കണ്ടതും പോലീസില്‍ വിവരമറിയിച്ചതും. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചിരുന്നു. ഇതിന് ശേഷം തുടര്‍ നിയമനടപടികള്‍ക്കായി പ്രതിയെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും ചെയ്‍തിരുന്നു.

കൊലപാതകം ലക്ഷ്യമിട്ടായിരുന്നു പ്രതി ഇരകളുടെ വീട്ടിലെത്തിയതെന്ന് പോലീസിന് ബോധ്യമായിരുന്നു. മാറ്റി ധരിക്കാന്‍ വസ്ത്രവുമായാണ് ഇയാള്‍ വീട്ടിലെത്തിയത്. തിരിച്ചു പോയത് ഈ വസ്ത്രം ധരിച്ചുകൊണ്ടായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. ഇയാള്‍ക്ക് ഈ വീട്ടിലുള്ളവരെ മുന്‍പരിചയമുണ്ടായിരുന്നു. ഇവിടെ നിന്ന് കൊണ്ടുപോയ സ്വര്‍ണം വിറ്റ ഇന്‍വോയ്‌സും 300 ദിനാറും പ്രതിയില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.

Post a Comment

0 Comments