മംഗളൂരു: മംഗളൂരിൽ നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി പാതയോരത്തുനിന്നും സാധനം വാങ്ങുകയായിരുന്ന ക്ഷേത്ര മേൽശാന്തി മരിച്ചു. കാസർകോട് നെല്ലിക്കുന്ന് സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ മേൽശാന്തിയും പരവനടുക്കം പാലിച്ചിയടുക്കം സ്വദേശിയുമായ എസ് പി ശ്രീനിഷ് (27) ആണ് മരിച്ചത്.[www.malabarflash.com]
ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെ മംഗളൂരു നന്ദൂർ ട്രാഫിക് സിഗ്നലടുത്താണു അപകടം നടന്നത്.
കർണാടകയിൽ പൂജ കഴിഞ്ഞു തിരിച്ചുവരുന്നതിനിടെ നന്ദൂരിൽ പാതയോരത്ത് വിൽപന നടത്തുന്ന ചട്ടി വാങ്ങാനായി കാർ നിർത്തി ശ്രീനിഷ് പോയതായിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട മറ്റൊരു കാർ ചന്തയിലേക്ക് പാഞ്ഞുകയറിയാണു അപകടമുണ്ടായത്.
തലയ്ക്കു സാരമായ പരുക്കേറ്റ ശ്രീനിഷിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംസ്ക്കാരം ബുധനാഴ്ച നടക്കും.
ടി ശ്രീധരന്റെയും കാർത്യായനിയുടെയും മകനായ ശ്രീനിഷ് ഉത്തരമലബാറിലെ തീയ്യ വിഭാഗത്തിൽ നിന്നുള്ള ആദ്യ അബ്രാഹ്മണ മേൽശാന്തിക്കാരിൽ ഒരാളാണ്.
സഹോദരൻ: ടി ശ്രീധിഷ് (ഗൾഫ്).
Post a Comment