NEWS UPDATE

6/recent/ticker-posts

ആര്‍എസ്എസുകാരുടെ ഔദ്യോഗിക വിവരം എസ്ഡിപിഐക്ക് ചോര്‍ത്തി; പോലീസുകാരനെ പിരിച്ചുവിട്ടു

ഇടുക്കി:
 പോലീസിന്റെ ഔദ്യോഗിക വിവരം എസ്ഡിപിഐ നേതാവിന് ചോര്‍ത്തി നല്‍കിയ പോലീസുകാരനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടു. ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ അനസ് പികെക്കെതിരായാണ് നടപടി.[www.malabarflash.com] 

ഡിസംബര്‍ മാസത്തിലായിരുന്നു നടപടിക്കാസ്പദമായ സംഭവം നടന്നത്. കരുതല്‍ നടപടിയുടെ ഭാഗമായി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ച് ഡാറ്റാ ബേസില്‍ സൂക്ഷിച്ചിരുന്നു. ഈ വിവരങ്ങള്‍ അനസ് ചോര്‍ത്തി എസ്ഡിപിഐ നേതാവായ വണ്ണപ്ര സ്വദേശി പ്ലാമൂട്ടില്‍ ഷാനവാസിന് നല്‍കിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

വണ്ണപ്രത്തെ കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് ചില എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നതിനിടെ ഫോണ്‍പരിശോധിച്ചപ്പോഴാണ് അനസ് ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായി പോലീസ് ആദ്യമായി കണ്ടെത്തിയത്. പിന്നീട് തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സംഭവം സ്ഥിരീകരിക്കുകയും അനസിനെ സസ്‌പെന്‍ഡ് ചെയ്യുകയും ഉണ്ടായി.

തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയായിരുന്ന എജി ലാലിനെ കൂടുതല്‍ അന്വേഷണം നടത്തുന്നതിനായി ഇടുക്കി ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പുസ്വാമി ചുമതലപ്പെടുത്തുകയായിരുന്നു. ഇദ്ദേഹം നടത്തിയ അന്വേഷണത്തിലും അനസ് കുറ്റം ചെയ്തതായി തെളിഞ്ഞു. ഇത് സംബന്ധിച്ച് ഡിജിറ്റല്‍ തെളിവുകളും ശേഖരിച്ചു.

ഒപ്പം ലക്ഷ്വദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ മാറ്റണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചതായും കണ്ടെത്തിയിരുന്നു.പിന്നീട് അനസിനെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടാതിരിക്കാന്‍ എന്തെങ്കിലും വിശദീകരണം ഉണ്ടോയെന്ന് അന്വേഷിച്ച് ഇടുക്കി എസ്പി അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസിന് മറുപടി നല്‍കിയിരുന്നെങ്കിലും സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു.

Post a Comment

0 Comments