Top News

യുട്യൂബ് നോക്കി ബിഫാം വിദ്യാർഥികളുടെ ലിംഗമാറ്റ ശസ്ത്രക്രിയ; യുവാവിന് ദാരുണാന്ത്യം

വിജയവാഡ: യുട്യൂബ് നോക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനിടെ യുവാവ് രക്തം വാർന്നു മരിച്ചു. ഫാർമസി വിദ്യാർഥികളുടെ സഹായത്തോടെയാണ് ലോഡ്ജ് മുറിയിൽ യുവാവ് ശസ്ത്രക്രിയ നടത്തിയത്. വ്യാഴാഴ്ചയാണ് ആന്ധ്രപ്രദേശിലെ പ്രകാശം സ്വദേശി ശ്രീനാഥി(28)നെ നെല്ലൂരിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.[www.malabarflash.com]


യുവാവിന് ശസ്ത്രക്രിയ നടത്തിയ നെല്ലൂർ സ്വകാര്യ കോളജിലെ ബിഫാം വിദ്യാർഥികളായ മസ്താൻ, ജീവ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. ലോഡ്ജു ജീവനക്കാരനാണ് യുവാവിന്റെ മൃതദേഹം ആദ്യം കണ്ടത്. പിന്നീട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടയിലാണ് മരിച്ചതെന്ന് അറിഞ്ഞത്.

ദിവസവേതനത്തിൽ ഹൈദരാബാദിൽ ജോലി ചെയ്തിരുന്ന ശ്രീനാഥ്, 2019ലാണ് ബന്ധുവിന്റെ മകളെ വിവാഹം ചെയ്തത്. എന്നാൽ രണ്ടു വർഷത്തിനുള്ളിൽ വിവാഹബന്ധം പിരിഞ്ഞു. തുടർന്ന് ശ്രീനാഥ് സമൂഹമാധ്യമത്തിലൂടെയാണ് വിദ്യാർഥികളെ പരിചയപ്പെടുന്നത്. മുംബൈയിൽ പോയി ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനിരുന്ന ശ്രീനാഥിനെ കുറഞ്ഞ ചെലവിൽ ശസ്ത്രക്രിയ നടത്തിതരാമെന്നു പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നെന്നാണ് വിവരം.

അമിത രക്തസ്രാവവും അമിത മരുന്നുപയോഗവുമാണ് മരണകാരണമെന്ന് പോലീസ് അറിയിച്ചു. ശസ്ത്രക്രിയ ചെയ്ത മുറി വൃത്തിഹീനമായിരുന്നെന്നും പോലീസ് അറിയിച്ചു. ശസ്ത്രക്രിയയെ കുറിച്ച് വിദഗ്ധമായി അറിയാവുന്ന ആരും കൂടെയില്ലായിരുന്നു. യുട്യൂബ് മാത്രം ആശ്രയിച്ചാണ് ഇത് നടത്തിയതെന്നും പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post