Top News

തല ഭിത്തിയിലിടിപ്പിച്ചു, അവശയായി വീണിട്ടും മര്‍ദിച്ചു; അമ്മയെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍

മൂവാറ്റുപുഴ: അമ്മയെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ മകന്‍ അറസ്റ്റില്‍. മൂവാറ്റുപുഴ പള്ളിച്ചിറങ്ങരയില്‍ വാടകയ്ക്ക് താമസിക്കുന്ന വാഗമണ്‍ കാപ്പിപതാല്‍ കുറ്റിയില്‍ വീട്ടില്‍ നാരായണന്റെ ഭാര്യ ശാന്തമ്മയെ (70) കൊലപ്പെടുത്തിയ കേസിലാണ് മകന്‍ മനോജ് (46) അറസ്റ്റിലായത്. കഴിഞ്ഞ അഞ്ചിന് രാത്രിയാണ് സംഭവം.[www.malabarflash.com]


അമ്മ അയല്‍വാസികളോട് തന്നെക്കുറിച്ച് അപവാദം പറഞ്ഞെന്നാരോപിച്ച് മനോജ് അമ്മയുമായി വഴക്കിട്ടു. തുടര്‍ന്ന് തലപിടിച്ച് ഇയാള്‍ അടുക്കള ഭിത്തിയില്‍ ഇടിച്ചു. അവശയായ ശാന്തമ്മ ഛര്‍ദിച്ച് വീണതോടെ മനോജ് ഇവരെ കട്ടിലില്‍ കൊണ്ടുവന്ന് കിടത്തി. തുടര്‍ന്നും മര്‍ദിച്ചു. മുഖത്ത് ഇടിച്ചും കഴുത്തില്‍ ഞെക്കിയും കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. 

തുടര്‍ന്ന് മനോജ് രക്തംപുരണ്ട വസ്ത്രങ്ങള്‍ മാറ്റുകയും പരിസരം കഴുകി വൃത്തിയാക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ അമ്മ സുഖമില്ലാതെ കിടക്കുകയാണെന്ന് അയല്‍ക്കാരെ അറിയിച്ചു. അയല്‍വാസികള്‍ വന്ന് നോക്കിയപ്പോള്‍ ശാന്തമ്മ മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഇവരില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഭവം അന്വേഷിച്ചത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.

ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ മൂവാറ്റുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ സി.ജെ. മാര്‍ട്ടിന്‍, എം.കെ. സജീവന്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് ഇത് കൊലപാതകമാണെന്ന് തെളിഞ്ഞതും പ്രതിയെ അറസ്റ്റ് ചെയ്തതും.

ഭാര്യയുമായി പിരിഞ്ഞ മനോജ് 10 വര്‍ഷം മുമ്പാണ് വാഗമണില്‍നിന്ന് പള്ളിച്ചിറങ്ങരയില്‍ വാടകയ്ക്ക് താമസിക്കാനെത്തിയത്. വര്‍ക്ഷോപ്പ് ജോലി ക്കാരനാണ്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post