NEWS UPDATE

6/recent/ticker-posts

കോട്ടച്ചേരി മേൽപ്പാലം ഉദ്ഘാടനത്തിലേക്ക്; ബലപരിശോധന തുടങ്ങി

കാഞ്ഞങ്ങാട്: കോട്ടച്ചേരിറെയിൽവേ മേൽപ്പാലത്തിന്റെ ബലപരിശോധന തുടങ്ങി. പാലം തുറന്നുകൊടുക്കുന്നതിന് മുൻപായി നടത്തുന്ന സാങ്കേതിക പരശോധനകളിൽ പ്രധാനപ്പെട്ടതാണ് ഡയൽഗേജ് ഉപയോഗിച്ചുള്ള പരിശോധന.[www.malabarflash.com]

പാലത്തിന്റെ ഭാരം താങ്ങുന്നതിലുള്ള ക്ഷമത വളരെ കൃത്യമായി യന്ത്രസഹായത്തോടെ വിലയിരുത്തും. വിദഗ്ധരായ എൻജിനീയർമാരുടെ മേൽനോട്ടത്തിൽ കാരാറുകാരുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്.

ബലപരിശോധന രണ്ടു ദിവസം: രണ്ടുദിവസം നീണ്ടുനിൽക്കുന്ന പരിശോധനയിൽ പാലത്തിന്റെ ഭാരം വഹിക്കുന്നതിനുള്ള ക്ഷമതയാണ് വിലയിരുത്തുക. അതിനായി പാലത്തിൽ പ്രത്യേകമായി മാർക്ക് ചെയ്ത സ്ഥലത്ത് നാല്‌ വലിയ ലോറികളിൽ ഭാരം കയറ്റി നിർത്തി പരിശോധിക്കും.പരിശോധനയ്ക്കായി പാലത്തിന്റെ അടിഭാഗത്ത് ഘടിപ്പിച്ച ഡയൽഗേജ് ഉപയോഗിച്ച് മണിക്കൂറുകൾ ഇടവിട്ട് റീഡിങ് നടത്തും.

കമ്പിക്കൂടുകളിൽ ഉയർത്തിനിർത്തി പാലത്തിന്റെ ബീമുകളുടെ അടിഭാഗത്താണ് ഡയൽഗേജുകൾ ഘടിപ്പിച്ചിരിക്കുന്നത്. ടൈംപീസിന്റെ മാതൃകയിലുള്ള ഈ ചെറിയ ഉപകരണത്തിലൂടെ പാലത്തിനുമുകളിൽ സംഭവിക്കുന്ന ചെറിയ ഭാരവ്യത്യാസം പോലും തിരിച്ചറിയാൻ സാധിക്കുമെന്ന് എൻജിനീയർമാർ വെളിപ്പെടുത്തി. അതുകൊണ്ടുതന്നെ പാലം രണ്ടുദിവസത്തേക്ക് അടച്ചിടും. കാൽനടയാത്രപോലും അനുവദിക്കില്ല.

പരിശോധന ഇങ്ങനെ: ബലപരിശോധനയിൽ ആദ്യം ഭാരം കയറ്റിയ ഒരു ലോറി മാർക്ക് ചെയ്ത സ്ഥലത്ത് നിർത്തിയിടും. മുൻകൂട്ടി നിശ്ചയിച്ച കൃത്യമായ ഇടവേളകളിൽ മറ്റ് മൂന്നു ലോറികളും ഒന്നൊന്നായി പാലത്തിൽ കയറ്റിനിർത്തും.

ഇതേരീതിയിൽ കൃത്യമായ ഇടവേളയിൽ നിർത്തിയിട്ട ലോറികൾ ഒന്നൊന്നായി മാറ്റുകയും ചെയ്യും. ഇതിനിടയിൽ ഡയൽഗേജ് ഉപയോഗിച്ചുള്ള ഒരു മണിക്കൂർ ഇടവിട്ടുള്ള റീഡിങ് രേഖപ്പെടുത്തും. റെയിൽപാളം ഭാഗത്തുനിന്നും 150 മീറ്ററോളം പടിഞ്ഞാറു ഭാഗത്തേക്ക് മാറിയാണ് പരിശോധന നടക്കുന്നത്.

രണ്ടുദിവസങ്ങളിലായി നടക്കുന്ന റീഡിങ് പൂർത്തിയാകുന്നതോടെ പാലത്തിന്റെ ബലത്തിലുള്ള സാങ്കേതികത നിർണയിക്കാനാകുമെന്ന് എൻജിനീയർമാർ പറഞ്ഞു.


Post a Comment

0 Comments