Top News

ഗുജറാത്തില്‍ മാധ്യമപ്രവര്‍ത്തകനെ ഭാര്യയ്ക്കും മക്കള്‍ക്കും മുന്നില്‍വച്ച് കൊലപ്പെടുത്തി

സൂറത്ത്: സൂറത്ത് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനെ പട്ടാപ്പകല്‍ കുടുംബത്തിന്‍റെ മുന്നിലിട്ട് കൊലപ്പെടുത്തി. ജുനെദ് ഖാന്‍ പത്താന്‍ (37) എന്ന മാധ്യമപ്രവര്‍ത്തകനെയാണ് ഭാര്യയ്ക്കും മൂന്ന് പെണ്‍മക്കള്‍ക്കൊപ്പം മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുമ്പോള്‍ കാര്‍ കൊണ്ട് ഇടിച്ചുവീഴ്ത്തി കുത്തികൊലപ്പെടുത്തിയത്.[www.malabarflash.com]


ഭാര്യയെയും, പത്ത്, നാല്, രണ്ടര വയസുള്ള പെണ്‍മക്കളെയും കൂട്ടി ഒരു ബന്ധുവിനെ ഷഹോപാര്‍ വാദില്‍ സന്ദര്‍ശിക്കാന്‍ പോകുന്ന വഴിയിലാണ് ജുനെദിനെ കൊലപ്പെടുത്തിയത്. തിരക്കേറിയ ജില്ലാനി പാലത്തില്‍ വച്ചാണ് പിന്നാലെ വന്ന കാര്‍ ഇവരുടെ ബൈക്കില്‍ ഇടിച്ചത്. തുടര്‍ന്ന് കുടുംബം ബൈക്കില്‍ നിന്നും വീണു. പിന്നാലെയാണ് നാലുപേര്‍ അടങ്ങിയ സംഘം കാറില്‍ നിന്നും ഇറങ്ങി ജുനെദിനെ കുത്തികൊലപ്പെടുത്തിയത്. ജുനെദ് സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്.

അടുത്തുള്ള ആശുപത്രിയിലേക്ക് ജുനെദിനെ എത്തിച്ചെങ്കിലും അവിടെയുള്ള ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. സൂറത്തിലെ ഒരു പ്രദേശിക വാരികയിലാണ് ഇദ്ദേഹം ജോലി ചെയ്യുന്നത്. ജുനെദിനെ കുത്തിയ കൊലപാതക സംഘം സംഭവസ്ഥലത്ത് നിന്നും ഉടന്‍ തന്നെ കടന്നുകളഞ്ഞുവെന്നാണ് പോലീസ് പറയുന്നത്. വ്യക്തിപരമായ ശത്രുതയാണ് കൊലപാതക കാരണം എന്നാണ് പോലീസിന്‍റെ പ്രഥമിക വിലയിരുത്തല്‍.

സംശയിക്കുന്നവരുടെ പേരുകള്‍ കുടുംബം കൈമാറിയതായി പോലീസ് അറിയിച്ചു. വിശദമായ അന്വേഷണം നടത്തുമെന്നാണ് പോലീസ് പറയുന്നത്. പോലീസ് കൊലപാതകികള്‍ക്കായി വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post